നോട്ടു ക്ഷാമം രൂക്ഷമായതോടെ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കാനൊരുങ്ങി ബാങ്കുകള്‍

വിവിധ സംസ്ഥാനങ്ങളില്‍ നോട്ട് ക്ഷാമം രൂക്ഷമായതോടെ നോട്ടുകളുടെ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് ബാങ്കുകള്‍. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഇതിന്റെ ഭാഗമായി കറന്റ് അക്കൗണ്ട് കാമ്പയിന്‍ നടത്താന്‍ നടപടി തുടങ്ങി. കാമ്പയിന്റെ ഭാഗമായി കറന്റ് അക്കൗണ്ടിലെ കാഷ് ഹാന്‍ഡ്‌ലിങ്, കാഷ് പിക്കപ് ചാര്‍ജുകള്‍ ഒഴിവാക്കും. മറ്റ് ബാങ്കുകളും ഇത്തരം നടപടികളിലേക്ക് നീങ്ങുമെന്നാണ് ബാങ്കിങ് മേഖലയില്‍ നിന്നുള്ള സൂചനകള്‍
വ്യാപാരവ്യവസായ രംഗത്തുനിന്ന് നിക്ഷേപം കൂടുതലായി സമാഹരിക്കാന്‍ കറന്റ് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ ചാര്‍ജുകള്‍ കുറക്കുന്നതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 24 മുതല്‍ ജൂലൈ 31 വരെ കറന്റ് അക്കൗണ്ട് കാമ്പയിന്‍ സംഘടിപ്പിക്കണമെന്ന ഉത്തരവ് എസ്.ബി.ഐയുടെ എല്ലാ സര്‍ക്കിളുകളിലേയും ലോക്കല്‍ ഹെഡ് ഓഫിസ് ചീഫ് ജനറല്‍ മാനേജര്‍മാര്‍ക്ക് കഴിഞ്ഞദിവസം ലഭിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന കറന്‍സി ക്ഷാമം പരിഹരിക്കുന്നതിന് പുതിയ നോട്ട് അച്ചടിക്കുന്നതുകൊണ്ടുമാത്രം കഴിയാത്ത സാഹചര്യത്തിലാണിത്. ജനങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ പരമാവധി ബാങ്കുകളിലേക്ക് എത്തിച്ച് വിനിമയം സാധ്യമാക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്.
അതേസമയം കേരളത്തില്‍ കറന്‍സി ക്ഷാമമില്ലെന്നും ബാങ്കിങ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്ക് ചെസ്റ്റില്‍ നിന്നും സാധാരണപോലെ നോട്ടുകള്‍ ലഭിക്കുന്നുണ്ട്. പണമിടപാട് കുറക്കാനും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുമുള്ള കേന്ദ്രനയം നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നതാണ് പ്രശ്‌നമാവുന്നതെന്ന വിമര്‍ശവുമായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























