ഗുരുതര അവസ്ഥയിലുള്ള രോഗിയുമായി ആംബുലൻസ് പാഞ്ഞത് ആറു സംസ്ഥാനങ്ങളിലൂടെ; 2585 കിലോമീറ്റര്‍ താണ്ടിയത് വെറും 65 മണിക്കൂര്‍ കൊണ്ട്; പയ്യന്നൂരിലെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം

മാര്‍ബിള്‍ ദേഹത്ത് വീണതിനെ തുടര്‍ന്ന് ഗുരുതര അവസ്ഥയിലായ ഇതര സംസ്ഥാനക്കാരനായ രോഗിയെയും കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍ പാഞ്ഞത് ശരവേഗത്തില്‍. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സമയത്തിനു മുമ്പ് രോഗിയെ ആശുപത്രിയിലെത്തിച്ച് ഡ്രൈവറും സഹപ്രവര്‍ത്തകരും താരമായി.
കാസര്‍ഗോഡ് മാര്‍ബിള്‍ ജോലി ചെയുന്ന വേളയില്‍ സ്ലാബ് ദേഹത്തുവീണതിനെ തുടര്‍ന്ന് രാജസ്ഥാന്‍ കരോലി ജില്ലയിലെ മണ്‍ട്രാല്‍ സ്വദേശി നുറുസി(25)ന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രയിലെത്തിച്ചു. അവിടെ നിന്നും ശസ്ത്രക്രിയ്ക്കു ശേഷം ദീര്‍ഘകാലം ചികിത്സ ആവശ്യമാണെന്നും രോഗിയെ ഉടൻ തന്നെ ജയ്പുര്‍ മഹാത്മാഗാന്ധി ആശുപത്രിയില്‍ എത്തിക്കണമെന്നും മംഗളൂരുവിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ഗുരുതര അവസ്ഥയിലുള്ള, മുഴുവന്‍സമയം വെന്റിലേറ്റര്‍ സൗകര്യം ആവശ്യമുള്ള രോഗിയെ ഇത്രയും ദൂരം കൊണ്ടു പോകുന്നതിന് വേണ്ടി മംഗളൂരുവിലെ ഡ്രൈവര്‍മാര്‍ തയ്യാറായില്ല. ഇതോടെ ആശുപത്രിയില്‍ നിന്നും ലയണ്‍സ് ക്ലബ്ബ് ആംബുലന്‍സ് ആവശ്യപ്പെട്ട് വിളി വന്നു. ഈ വെല്ലുവിളി ലയണ്‍സ് ക്ലബ്ബ് ആംബുലന്‍സ് ഡ്രൈവര്‍ മീരേഷ് ഏറ്റെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12 ന് പയ്യന്നൂരില്‍ നിന്നുമാണ് മീരേഷ് മംഗളൂരുവില്‍ എത്തിയത്. അതിനു ശേഷം രോഗിയുമായി രാജസ്ഥാനിലേക്ക് പോയി. ഇവര്‍ രോഗിയുമായി 2585 കിലോമീറ്റര്‍ താണ്ടിയത് വെറും 65 മണിക്കൂര്‍ കൊണ്ടാണ്. നഴ്സിങ് സ്റ്റാഫ് ബൈജു, മറ്റൊരു ഡ്രൈവര്‍ വിനീത് എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു.
പെരുമ്പ ലയണ്‍സ് ക്ലബ്ബ് ആംബുലന്‍സ് ഡ്രൈവര്‍ മീരേഷ് കുഞ്ഞിമംഗലത്തിനും സഹപ്രവര്‍ത്തകർക്കും നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ. രോഗിയെ ജയ്പൂരിലെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഇവര്‍ ആംബുലന്‍സുമായി ബുധനാഴ്ച രാവിലെ ഒന്‍പതോടെ പയ്യന്നൂരില്‍ തിരികെ എത്തി. ഇവരെ പെരുമ്പ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.അശോകന്റെയും സെക്രട്ടറി കെ.യു.വിജയന്റെയും നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു.
https://www.facebook.com/Malayalivartha























