സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവം ; വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെ പോലീസ് ചോദ്യം ചെയ്യുന്നു

സാമൂഹികമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പോലീസ് ചോദ്യം ചെയ്യുന്നു. ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഹര്‍ത്താല്‍ ആഹ്വാനം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഉത്തരകേരളത്തിലെ പലയിടങ്ങളിലും പതിനാറാം തിയതി ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തിലിറങ്ങി. മലബാർ മേഖലയിൽ കാര്യമായ ആക്രമണം നടന്നിരുന്നു.
മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരുമുളള പ്ലക്കാര്‍ഡുകളേന്തിയാണു ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്. വാഹനങ്ങളെയും വഴിയാത്രക്കാരെയും ആക്രമിച്ച സംഭവത്തിലും സ്ഥാപനങ്ങള്‍ കൊളളയടിച്ച കേസിലുമായി അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഹര്‍ത്താല്‍ അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ ചോദ്യം ചെയ്യുന്നത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രതികള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ പേരു പരസ്യമാക്കുന്നതില്‍ ഭാഗമായിട്ടുണ്ടെന്നു തെളിഞ്ഞാല്‍ പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കൂടി കേസെടുക്കാനാണു നിര്‍ദേശം. ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലയില്‍ അഴിഞ്ഞാടിയതിന്റെ പേരില്‍ 405 പേരാണ് അറസ്റ്റിലായത്. ഇതില്‍ 115 പേര്‍ റിമാന്‍ഡിലാണ്. ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്തിയവരും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാകും.
https://www.facebook.com/Malayalivartha























