മുസ്ലീംലീഗിനെ വെട്ടി ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ സി.പി.എം നടത്തിയ നീക്കം തുടക്കത്തിലേ പാളി, വിയോജിപ്പുമായി അറയ്ക്കല്‍ രാജകുടുംബം

അറയ്ക്കല്‍ രാജകുടുംബത്തിന്റെ എതിര്‍പ്പ് കാരണം സി.പി.എം കണ്ണൂരില്‍ നടത്തുന്ന മാപ്പിളകലാമേളയായ കണ്ണൂര്‍ സിറ്റി ഫെസ്റ്റ് തുടക്കത്തിലേ പാളി. രാജകുടുംബത്തിന്റെ എതിര്‍പ്പ് കാരണം ആദ്യം നിശ്ചയിച്ച പരിപാടികളില്‍ മാറ്റംവരുത്തിയിരിക്കുകയാണ്. മെയ് ആറു മുതല്‍ 10 വരെ 'ബഹ്‌റിന്റെ ഇഷ്‌ക്ക്, കണ്ണൂര്‍ സിറ്റി ഫെസ്റ്റ്2018'എന്ന പേരിലാണു കലാമേള. ഏപ്രിലിലാണ് സിപിഎം നിയന്ത്രണത്തിലുള്ള എന്‍ അബ്ദുല്ല കള്‍ച്ചറല്‍ ഫോറവും മര്‍ഹബ സാംസ്‌കാരിക സമിതിയും പരിപാടി നടത്താന്‍ ആദ്യം തീരുമാനിച്ചത്. മാപ്പിള കലകള്‍ക്കു പ്രാധാന്യം നല്‍കിയുള്ള പരിപാടിക്കു കണ്ണൂര്‍ സിറ്റിയെ തിരഞ്ഞെടുത്തപ്പോള്‍ കേരളത്തിലെ ഏക മുസ്ലിം രാജവംശം സ്ഥാപിക്കപ്പെട്ട അറയ്ക്കലിനു പ്രാധാന്യം നല്‍കണമെന്നായിരുന്നു ആവശ്യം.
ഇതോടെ സംഘാടക സമിതി അറക്കല്‍ കുടുംബാംഗവുമായി ചര്‍ച്ചനടത്തി. പരിപാടിയുടെ വിശദവിവരങ്ങള്‍ നല്‍കാന്‍ രാജകുടുംബം ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിപാടികളുടെ വിശദാംശങ്ങളടങ്ങിയ നോട്ടീസ് നല്‍കി. ചരിത്രമുറങ്ങുന്ന അറക്കല്‍ രാജവംശത്തിന്റെ പെരുമ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്താന്‍ എന്ന വരികളോടെയുള്ള കാര്യ പരിപാടികള്‍ അടങ്ങിയ അറക്കല്‍ പെരുമ കണ്ണൂര്‍സിറ്റി ഫെസ്റ്റ്2018'എന്ന നോട്ടീസും തയ്യാറാക്കി. ചേംബര്‍ ഹാള്‍ പരിസരത്തു നിന്നു ആരംഭിക്കാന്‍ തീരുമാനിച്ച ഘോഷയാത്രയുടെ സമാപനം നിശ്ചയിച്ചത് അറക്കല്‍ പാലസ് ഗ്രൗണ്ടിലായിരുന്നു. 1000ത്തിലധികം വനിതകള്‍ അണിനിരക്കുന്ന പ്രധാന ആകര്‍ഷക ഇനമായ മെഗാ ഒപ്പനയും പൊതു സമ്മേളനവുമെല്ലാം ഇവിടെയായിരുന്നു ആലോചിച്ചിരുന്നത്.
ഇക്കാര്യങ്ങളെല്ലാം വാട്‌സ് ആപ് വഴി രാജകുടുംബത്തെ അറിയിച്ചതോടെ പണി പാളുകയായിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളുമായി പ്രത്യക്ഷമായി അനുഭാവമോ, എതിര്‍പ്പോ ഇല്ലാത്ത അറക്കല്‍ രാജകുടുംബം ഈ വിഷയത്തിലും ആ നിലപാട് കുടുംബാംഗങ്ങള്‍ തീരുമാനിച്ചു. ഇതുവരെയായി എംഇഎസിന്റെ ആദ്യ സമ്മേളനത്തിനും ഈദ്ഗാഹിനും മറ്റുമല്ലാതെ പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു പോലും പരിപാടിക്ക് പാലസ് ഗ്രൗണ്ട് വിട്ടുനല്‍കിയിരുന്നില്ല. ആ കീഴ് വഴക്കം തുടരാനും തീരുമാനിച്ചു.
ഇതോടെ പാലസ് ഗ്രൗണ്ടില്‍ നടത്താനിരുന്ന മെഗാ ഒപ്പനയും പൊതുസമ്മേളനവും ആയിക്കര മാപ്പിള ബേ ഹാര്‍ബര്‍ ഗ്രൗണ്ടിലേക്കു മാറ്റുകയായിരുന്നു. ബഹ്‌റിന്റെ ഇഷ്‌ക്, കണ്ണൂര്‍ സിറ്റി ഫെസ്റ്റ്2018 എന്നാക്കി പരിപാടിയുടെ പേര്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ദിവസേന പതിനായിരക്കണക്കിനു ആസ്വാദകരെ പ്രതീക്ഷിക്കുന്ന മാപ്പിള കലാമേള സിറ്റി മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കലാമാമാങ്കമാകുമെന്നാണ് സി.പി.എം കണക്ക് കൂട്ടുന്നത്.
https://www.facebook.com/Malayalivartha

























