ബാങ്ക്ക്കൊള്ളയിലൂടെ സ്വന്തമാക്കിയത് നാലു കോടിയോളം രൂപയുടെ സ്വര്‍ണം ; ഒടുവിൽ അഞ്ചുവർഷത്തെ പ്രണയം കൈവിട്ടുപോകുമെന്നായപ്പോൾ മാപ്പുസാക്ഷിയാക്കണമെന്ന് കോടതിയോട് കുഡ്ലു ബാങ്ക് കവര്‍ച്ചക്കേസ് പ്രതി

മോഷണം നിര്‍ത്തി മാന്യമായി ജീവിക്കാന്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് കോടതിയോട് അപേക്ഷിച്ച പ്രതിക്ക് ജാമ്യം. താൻ കുറ്റവാളിയാണെന്ന് അറിഞ്ഞതോടെ കാമുകി വിവാഹത്തിൽ നിന്നും പിന്മാറിയതാണ് യുവാവിന് മാനസാന്തരം വരാൻ കാരണം. കല്യാണം കഴിച്ച് മാന്യമായി ജീവിക്കാന്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്നായിരുന്നു അപേക്ഷ.
ജീവനക്കാരെ ബന്ദിയാക്കി കാസര്‍കോട് കുഡ്ലു ബാങ്ക് പട്ടാപ്പകല്‍ കവര്‍ച്ച ചെയ്ത് 21കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ ആറാം പ്രതി ഫെന്നിസ് നെറ്റോക്കാണ് കാമുകി കൈവിടുമെന്നായപ്പോള്‍ മനമാറ്റമുണ്ടായത്. കുഡ്ലു കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ഫെന്നിസ് തന്റെ കാമുകിയെ വീട്ടുകാര്‍ തടങ്കലില്‍ വച്ചിരിക്കുകയാണെന്നുകാണിച്ച് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹർജി നല്കി. എന്നാൽ വീട്ടുകാര്‍ ഹാജരാക്കിയപ്പോള്‍ മോഷണക്കേസിലെ പ്രതിയെ കല്യാണം കഴിക്കാനാവില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു.
ഇതോടെ പ്രണയം തകരുമെന്നായപ്പോൾ ഫെന്നിസ് സി.ആര്.പി.സി 307 പ്രകാരം കേസില്‍ അന്വേഷണസംഘത്തെ സഹായിക്കുന്ന പ്രതിക്ക് നല്കുന്ന ആനുകൂല്യം ഉപയോഗിച്ച് കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ മാപ്പുസാക്ഷിയാകാനുള്ള അപേക്ഷ ഏപ്രില്‍ 24ന് ഫയല്‍ ചെയ്തു. മെയ് രണ്ടിന് ഹരജി പരിഗണിച്ച കോടതി പ്രോസിക്യൂഷനോട് അഭിപ്രായം ചോദിച്ചു. മെയ് 10ന് അറിയിക്കുമെന്ന് പ്രോസിക്യൂട്ടര്‍ പി. രാഘവന് പറഞ്ഞതിെന്റ അടിസ്ഥാനത്തില്‍ ഫെന്നിസിന് കോടതി ബുധനാഴ്ച ജാമ്യം നല്കി.
പിടികിട്ടാനുള്ള ഒരു പ്രതി റെജി എവിടെയുണ്ടെന്ന് ഇയാൾക്ക് അറിയാമെന്ന് വ്യക്തമാക്കി. കവർച്ചയിൽ നാലു കോടിയോളം രൂപയുടെ സ്വര്‍ണം ഫെന്നിസിനാണ് കിട്ടിയത്. ഇൗ പണം ഉപയോഗിച്ച് കുടകില്‍ ഒന്നര ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്.
ഇയാൾക്കെതിരെ നാലു വധശ്രമക്കേസുകളും ഒരു മയക്കുമരുന്ന് കേസും രണ്ടു പോക്സോ ആരോപണക്കേസും കുഡ്ലു കേസിനു പുറമേയുണ്ട് . കേസുകള്‍ കൂടിയപ്പോള്‍ നാടുവിട്ടു മംഗളൂരുവില്‍ എത്തി. രേഖകളില്ലാതെ കടത്തുന്ന സ്വര്‍ണം പിടികൂടലായിരുന്നു ജോലി. ഒരു രാഷ്ട്രീയനേതാവിന്റെ കൊട്ടേഷനനുസരിച്ച് കുഡ്ലു ബാങ്ക് കൊള്ളയടിക്കുകയായിരുന്നു എന്ന ഇയാൾ പറയുന്നു. അഞ്ചുവര്‍ഷമായി പ്രണയിക്കുന്ന പെണ്‍കുട്ടിയെ ഒാര്‍ത്താണ് ഫെന്നിസ് മനംമാറിയത് എന്ന് പറയുന്നു.
https://www.facebook.com/Malayalivartha

























