മൂന്നുവയസുകാരന്‍ കരഞ്ഞുചോദിച്ചു...കാട്ടാന അച്ഛനെ തിരികെക്കൊടുത്തു; മണിയുടെ നിലവിളിയിൽ ഗണേശന് ഇത് പുതുജന്മം

ഇരുചക്ര വാഹനവുമായി ആനയ്ക്കു മുന്നില്‍ മറിഞ്ഞുവീണ ഗണേശനെ ആന ചുമലില്‍ പിടിച്ചു വലിച്ചടിയ്ക്കാനൊരുങ്ങവെ ഒപ്പം വീണ മകന്‍ മണി അലറിക്കരഞ്ഞു. ആ കരച്ചിലില്‍ കാട്ടാനയുടെ മനസ് അലിയിച്ചു, ആന പിടിവിട്ടു പിന്നോട്ടു മാറി.
ഇന്നലെ വെട്ടുകാട് ഭാഗത്താണ് സംഭവം. മൂന്നുവയസുകാരന്റെ നിലവിളിയാണ് അച്ഛന്റെ ജീവന്‍ രക്ഷിച്ചത്. പുത്തൂര്‍ സ്വദേശി ഗണേശനും(32), മകന്‍ മണി (3)യും കോവില്‍ക്കടവില്‍ നിന്നും കാന്തല്ലൂർ ഭാഗത്തേക്ക് മടങ്ങുകയായിരുന്നു. ഇരുചക്ര വാഹനത്തില്‍ പോകവെ ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ വെട്ടുകാടു ഭാഗത്ത് എത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഇവര്‍ കാട്ടാനയ്ക്ക് മുന്നില്‍ പെട്ടു.
കുറ്റി കാട്ടിനിടയിൽ നിന്ന് ചീറിവന്ന ആനയെ കണ്ട് ഗണേശന്‍ വാഹനം തിരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയില്‍ കാട്ടാന ഇവര്‍ക്കു നേരേ പാഞ്ഞടുത്തു. അച്ഛനും മകനും ആനയ്ക്കു മുന്നില്‍ വീണുപോകുകയും ചെയ്തു. വാഹനത്തിന്റെ അടിയില്‍ കാലുകള്‍ കുടുങ്ങിയതിനാല്‍ എഴുന്നേറ്റു മാറാന്‍ കൂടി പറ്റിയില്ല. ഈ സമയം, കാട്ടാന ഗണേശന്റെ ചുമലില്‍ പിടിച്ചു. വലിച്ചടിക്കാനൊരുങ്ങിയപ്പോള്‍ മണി ഭീതിയോടെ അലറിവിളിച്ചു.
ഇതോടെ ആന പിന്നോട്ടു വലിയുകയായിരുന്നു. ആനയ്ക്കും മരണത്തിനുമിടയില്‍നിന്നു ഗണേശനെ രക്ഷിച്ചത് മണിയുടെ നിലവിളി ഒന്നു മാത്രമാണ്. വാഹനം വീണ് കാലിനു ചെറിയ മുറിവുണ്ടായതല്ലാതെ ഗണേശനും മണിക്കും മറ്റു പരുക്കൊന്നുമില്ല.
https://www.facebook.com/Malayalivartha

























