കോട്ടയത്ത് കഞ്ചാവ് മാഫിയയുടെ ' കുരുമുളക് സ്പ്രേ ' ആക്രമണം; അപ്രതീക്ഷിത അപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

കോട്ടയം ഏറ്റുമാനൂരിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം പനമ്പാലത്ത് വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കഞ്ചാവ് മാഫിയയെ പിടികൂടാനുള്ള ശ്രമത്തിനിടയിലായിരുന്നു അപ്രതീക്ഷിത ആക്രമണം.
കുരുമുളക് സ്പ്രേ പ്രയോഗിച്ചാണ് കഞ്ചാവ് മാഫിയകള്‍ എക്സൈസ് സംഘത്തിനെ ആക്രമിച്ചത്. ഇതിനു ശേഷം മാരാകായുധങ്ങളുപയോഗിച്ച് ഉദ്യോഗസ്ഥരെ വെട്ടാനും ശ്രമിച്ചിരുന്നു. പ്രിവന്റീവ് ഓഫിസർ കെ.വി.ബിനോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജെക്സി ജോസഫ്, ശ്രീകാന്ത് എന്നിവർക്ക് പരുക്കേറ്റു. വീട്ടില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയതോടെയായിരുന്നു ആക്രമണം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അലോട്ടി എന്നറിയപ്പെടുന്ന ജെയ്സ്സ് മോന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അക്രമി സംഘത്തിലുണ്ടായിരുന്ന പനമ്പാലം സ്വദേശി അഖിലിനെ അറസ്റ്റ് ചെയ്തു. പരുക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha

























