സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലി ക്യാമിന്റെ ശബ്ദവും വെളിച്ചവും പണിയായി; തേനീച്ചകളുടെ കുത്തേറ്റ് പ്രവര്‍ത്തകരായ 27 പേര്‍ക്ക് പരിക്ക്

ശാസ്താംമുകളിൽ സിനിമാ ചിത്രീകരണത്തിനിടെ തേനീച്ചയുടെ കുത്തേറ്റ് സിനിമാ പ്രവര്‍ത്തകരായ 27 പേര്‍ക്ക് സാരമായ പരിക്കേറ്റതായി റിപ്പോർട്ടുകൾ. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ ശാസ്താംമുകള്‍ പാറമടയ്ക്ക് സമീപമാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് സിനിമാ പ്രവർത്തകർക്ക് നേരെയുള്ള തേനീച്ചയുടെ അപ്രതീക്ഷിത ആക്രമണം. ഇതിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അസിസ്റ്റന്റ് ക്യാമറാമാന്‍ എറണാകുളം സ്വദേശി പ്രവീണ്‍ (23), മേക്കപ്പ് മാന്‍ ആലുവ വെണ്ണിപ്പറമ്പിൽ മനോജ് (40), ഫോട്ടോഗ്രാഫര്‍ എറണാകുളം വാഴക്കാല സ്വദേശി ജോജി (48) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
മറ്റുള്ളവരെ പ്രഥമ ചികിത്സക്ക് ശേഷം വിട്ടയച്ചു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടതിനാല്‍ തേനീച്ചയുടെ കാര്യമായ കുത്തേറ്റില്ല. ഒരു മലയാള സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു സംഭവം. നായകന്റെ ചെറുപ്പകാലം ഷൂട്ട് ചെയ്യുന്നതിനിടെയുണ്ടായ ഹെലി ക്യാമിന്റെ ശബ്ദവും വെളിച്ചവുമാണ് തേനീച്ചക്കൂട് ഇളകുവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























