തരൂരിനെതിരായ കുറ്റപത്രം തിരുവനന്തപുരം സീറ്റില്‍ കണ്ണുവച്ച് : ബിജെപി നീക്കം തികഞ്ഞ പകപോക്കലാണെന്ന് ഉമ്മന്‍ ചാണ്ടി

സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാനുള്ള ബിജെപി നീക്കം തികഞ്ഞ പകപോക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് നേതാക്കളെ തെരെഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കാനുള്ള ബിജെപി നീക്കം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ടു.
ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാനുള്ള ബിജെപി നീക്കം തികഞ്ഞ പകപോക്കലാണ്. നിരന്തരമായി അന്വേഷണം നടത്തിയിട്ടും ശശി തരൂരിനെതിരെ വിശ്വസനീയമായ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡല്‍ഹി പോലീസിന്റെ ലോ ഓഫീസര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ബോധിപ്പിച്ചതാണ്. തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ കണ്ണുവച്ചുകൊണ്ട് ശശിതരൂരിനെ അപകീര്‍ത്തിപെടുത്താനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിത്. കോണ്‍ഗ്രസ് നേതാക്കളെ തെരെഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കാനുള്ള ബിജെപി നീക്കം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ തള്ളിക്കളയും- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സുനന്ദ പുഷ്കറുടെ മരണത്തില്‍ ശശി തരൂര്‍ എംപിയെ പ്രതിയാക്കി ഡല്‍ഹി പോലീസ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഢനം എന്നിവ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശശി തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള നക്ഷത്ര ഹോട്ടലിലെ 345-ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























