തട്ടിക്കൊണ്ടുപോയ ആര്‍.ജെ.ഡി നേതാവിന്റെ മൃതദേഹം തലയറുത്ത നിലയില്‍ ; ആറു മാസത്തിനുള്ളില്‍ ബിഹാറില്‍ കൊല്ലപ്പെടുന്നത് മൂന്നാമത്തെ ആര്‍.ജെ.ഡി പ്രവർത്തകൻ

ബിഹാറില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ ആര്‍.ഡെ.ഡി പ്രദേശിക നേതാവിന്റെ മൃതദേഹം തലയറുത്ത നിലയില്‍ കണ്ടെത്തി. ആര്‍.ജെ.ഡി നവാഡ ജില്ലാ ജനറല്‍ സെക്രട്ടറി കൈലാഷ് പാസ്വാന്‍ (48) ആണ് കൊല്ലപ്പെട്ടത്. നളന്ദയിലെ ഖുദഗഞ്ചില്‍ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഈ മാസം ആറിനാണ് പാസ്വാനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് മൃതദേഹം കണ്ടെത്തിയെങ്കിലും തലവെട്ടി മാറ്റിയതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കണ്ടാണ് പാസ്വാനാണെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആര്‍.ജെ.ഡി നേതാവ് ഛോട്ടു ഗുപ്തയാണ് പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ പാസ്വാനെ കൂട്ടിക്കൊണ്ടുപോയതെന്നും അവിടെ നിന്നാണ് അദ്ദേഹത്തെ കടത്തിക്കൊണ്ടുപോയതെന്നും പാസ്വാന്റെ ബന്ധു ആരോപിക്കുന്നു. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ക്കും പങ്കുണ്ടെന്നും കുടുംബം പറയുന്നു. അവരില്‍ ഒരാള്‍ പാസ്വാന്റെ രണ്ടാം ഭാര്യയാണെന്ന് അവകാശപ്പെടുന്നുണ്ട്.ആറു മാസത്തിനുള്ളില്‍ ബിഹാറില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആര്‍.ജെ.ഡി നേതാവാണ് പാസ്വാന്‍.
https://www.facebook.com/Malayalivartha


























