തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍പങ്കാളിത്തവും

തായ് ഗുഹയില്‍ കുട്ടികള്‍ കുടുങ്ങിയപ്പോള്‍ ഇന്ത്യയിലെ ഒരു വിഭാഗം ആളുകളുടെ പ്രാര്‍ത്ഥനാ സഹായം ഉണ്ടായിരുന്നുവെന്ന് ലോകം അറിഞ്ഞിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനാ സഹായം മാത്രമായിരുന്നില്ല ഇന്ത്യ നല്‍കിയത്. പൂനൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ലോസ്‌കര്‍ ബ്രതേഴ്‌സ് ലിമിറ്റഡ് തങ്ങളുടെ സാങ്കേതിക വിദഗ്ദ്ധരെ വിട്ടു നല്‍കി ചരിത്ര ദൗത്യത്തിന് ഭാഗമാകുകയും ചെയ്തു.
ഗുഹയില്‍ നിന്നും വെള്ളം പുറത്തേക്ക് കളയുന്നതിനാണ് സ്വന്തം സാങ്കേതിക വിദഗ്ധരെ കമ്പനി വിട്ടുകൊടുത്തത്. തായ്‌ലന്‍ഡിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശപ്രകാരമാണ് കമ്പനി സഹായത്തിനായെത്തിയത്. ഇന്ത്യ, തായ്‌ലാന്‍ഡ്, യുകെ സൈറ്റുകളില്‍ നിന്നുള്ളവരാണ് സഹായത്തിനായി എത്തിയത്.
ഇവരുടെ സേവനം ജൂലൈ അഞ്ചു മുതല്‍ ഗുഹാമുഖത്തുണ്ടായിരുന്നു. ഗുഹയില്‍ നിന്നും വെള്ളം പുറത്തേക്ക് കളയുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുള്ള പമ്പുകളുടെ സഹായവുമാണ് ഇവര്‍ കൊടുത്തത്. ഇതിന് പുറമെ വെള്ളം പമ്പുചെയ്ത് കളയുന്നതിന് വിശേഷ ഗുണങ്ങളുള്ളതും ഉയര്‍ന്ന ശേഷിയുള്ളതുമായ നാല് പമ്പുകളും ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിട്ടു നല്‍കിയിരുന്നു.
മഹാരാഷ്ട്രയിലെ കിര്‍ലോസ്‌കര്‍ വാഡി പ്ലാന്റില്‍ നിന്നുള്ള അതി നൂതനമായ ഈ മോട്ടോര്‍ പമ്പുകളും വിമാനമാര്‍ഗം വഴി തായി ഗുഹയിലേക്കെത്തിച്ചിരുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ചയാണ് കുട്ടികളെയും കോച്ചിനേയും പുറത്തിറക്കിയത്. ജൂണ്‍ 23-നാണ് ഇവര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്.
https://www.facebook.com/Malayalivartha


























