126 റഫാല്‍ യുദ്ധ വിമാനങ്ങള്‍ ആവശ്യമുണ്ടെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ 36 വിമാനങ്ങള്‍ക്കു മാത്രം കരാര്‍ ഒപ്പിട്ടത് എന്തിന്; മോദി രാജ്യതാല്‍പര്യം ത്യജിച്ചത് 'കോടീശ്വരനായ സുഹൃത്തിനായി': മോദിക്കെതിരെ കോണ്‍ഗ്രസ്

രാജ്യത്തിന് 126 റഫാല്‍ യുദ്ധ വിമാനങ്ങള്‍ ആവശ്യമുണ്ടെന്നിരിക്കെ, ഫ്രാന്‍സിന്റെ ഡസോള്‍ട്ട് ഏവിയേഷനുമായി കേന്ദ്ര സര്‍ക്കാര്‍ 36 വിമാനങ്ങള്‍ക്കു മാത്രം കരാര്‍ ഒപ്പിട്ടത് എന്തിനെന്ന ചോദ്യവുമായി കോണ്‍ഗ്രസ്. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനു തിടുക്കമുണ്ടായിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വിമാനങ്ങളും ഒരുമിച്ചു നല്‍കാന്‍ ഫ്രഞ്ച് കമ്പനിയോട് ആവശ്യപ്പെടാതിരുന്നത് എന്താണ്? കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.
കുറച്ചു വിമാനങ്ങള്‍ 2019ലും മറ്റുള്ളവ 2022ലുമാണ് വിതരണം ചെയ്യുന്നത്. തിടുക്കമുണ്ടായിരുന്നെങ്കില്‍ എല്ലാ വിമാനങ്ങളും 2019ല്‍ തന്നെ എത്തിക്കണമായിരുന്നു. ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണ്? കരാര്‍ നീതിയുക്തമാണെങ്കില്‍ പേടിക്കേണ്ടതില്ല. 126 വിമാനങ്ങള്‍ക്കു പകരം 36 എണ്ണത്തിനു മാത്രം എന്‍ഡിഎ സര്‍ക്കാര്‍ ഒപ്പിട്ടത് വിചിത്രമാണ്. 'കോടീശ്വരനായ സുഹൃത്തിനുവേണ്ടി' രാജ്യതാല്‍പര്യം സര്‍ക്കാര്‍ ത്യജിച്ചെന്നും പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു.
526 കോടിയില്‍നിന്നു വിമാനങ്ങളുടെ തുക എങ്ങനെയാണ് 1,670 കോടിയിലേക്കു കുതിച്ചുയര്‍ന്നത്? 70 വര്‍ഷത്തെ പാരമ്പര്യമുള്ള പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി 12 ദിവസം മാത്രം പ്രായമുള്ള കമ്പനിക്കു കരാര്‍ നല്‍കിയത് എന്തിനാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കണം എന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
യുപിഎ സര്‍ക്കാരിനേക്കാള്‍ 20 ശതമാനം വിലകുറച്ചാണ് എന്‍ഡിഎ സര്‍ക്കാര്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നേരത്തേ പറഞ്ഞിരുന്നു. വിലക്കൂടുതല്‍ കാരണം 126 വിമാനങ്ങള്‍ക്കു പകരം 36 റഫാല്‍ വിമാനങ്ങള്‍ മാത്രമാണു വാങ്ങുന്നതെന്ന് 2015ല്‍ കേന്ദ്രമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ നിലപാടെടുത്തു.
കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഇടപാടില്‍ പങ്കാളികളായ റിലയന്‍സ് ഡിഫന്‍സ് കമ്പനിക്ക് കരാര്‍ വഴി 1.3 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കമ്പനിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിലയന്‍സ് മേധാവി അനില്‍ അംബാനി കോണ്‍ഗ്രസ് നേതാക്കള്‍ക്കു വക്കീല്‍ നോട്ടിസ് അയച്ചു.
https://www.facebook.com/Malayalivartha























