ലൈക്കിലുണ്ട് പല കാര്യങ്ങള്‍...മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനത്തില്‍ അമ്പരന്ന് പ്രവര്‍ത്തകര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യത ഫെയ്‌സ്ബുക്കും ലൈക്കും ട്വിറ്റര്‍ ഫോളോവേഴ്‌സും

കാലം മാറിയപ്പോള്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള കടമ്പകളും മാറുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യത ഫെയ്‌സ്ബുക്കും ലൈക്കും ട്വിറ്റര്‍ ഫോളോവേഴ്‌സുമെന്ന് പുതിയ നിബന്ധനയുമായി രംഗത്ത് വന്നിരിക്കുകയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി. കുറഞ്ഞത് 15,000 ലൈക്കുള്ള ഫെയ്‌സ്ബുക്ക് പേജ് സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് സ്വന്തമായി ഉണ്ടായിരിക്കണം. ഇതിനു പുറമെ ട്വിറ്ററില്‍ അയ്യായിരം ഫോളോവേഴ്‌സും വേണം.
മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ സര്‍ക്കുലര്‍ സഹിതമാണ് എഎന്‍ഐ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിര്‍ബന്ധമായും മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ട്വീറ്റുകള്‍ ലൈക്ക് ചെയ്യാനും റീ ട്വീറ്റ് ചെയ്യാനും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഇന്നലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അമ്പരിപ്പിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഈ മാസം 15നകം സോഷ്യല്‍ മീഡിയയിലെ പാര്‍ട്ടി നിര്‍ദേശിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നവര്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനുള്ള നിബന്ധന ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും അവസാനിക്കുന്നില്ല. വാട്ട്‌സ്ആപ്പിലും സജീവമായിരിക്കണം. ബൂത്ത് തല പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയിരിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പുതിയ തീരുമാനത്തിന്റെ വിവരം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha






















