തെലുങ്കാന നിയമസഭ പിരിച്ചുവിട്ടു ; ഭരണ കാലാവധി തികയ്ക്കാന്‍ എട്ട് മാസത്തോളം അവശേഷിക്കേ നിര്‍ണ്ണായക തീരുമാനവുമായി ചന്ദ്രശേഖര്‍ റാവു രംഗത്ത് ; പ്രമേയം നടപ്പിലാക്കി ഉത്തരവിറക്കുന്നതിനായി മുഖ്യമന്ത്രിയും, മന്ത്രിമാരും ഉടന്‍ ഗവര്‍ണറെ സന്ദര്‍ശിക്കും

തെലുങ്കാന നിയമസഭ പിരിച്ചുവിട്ടു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. പ്രമേയം നടപ്പിലാക്കി ഉത്തരവിറക്കുന്നതിനായി മുഖ്യമന്ത്രിയും, മന്ത്രിമാരും ഉടന്‍ ഗവര്‍ണറെ സന്ദര്‍ശിക്കും. ഭരണ കാലാവധി തികയ്ക്കാന്‍ എട്ട് മാസത്തോളം അവശേഷിക്കേയാണ് നിര്‍ണ്ണായക തീരുമാനവുമായി ചന്ദ്രശേഖര്‍ റാവു രംഗത്തെത്തുന്നത്.
അടുത്തവര്‍ഷം കാലാവധി അവസാനിക്കുന്ന നിയമസഭ പിരിച്ചുവിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തതായി ഭരണകക്ഷിയായ ടിആര്‍എസിന്റെ ഭാഗത്തുനിന്ന് അറിയിച്ചിരുന്നു. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നു മുതിര്‍ന്ന ടിആര്‍എസ് നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2014 ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് തെലുങ്കാന രാഷ്ട്ര സമിതി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത്. 119 സീറ്റില്‍ 63 ഉം കരസ്ഥമാക്കിയായിട്ടായിരുന്നു ടിആര്‍എസ് അധികാരത്തില്‍ എത്തിയത്. 21 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറെ പിന്നിലായിപ്പോയി. ടിഡിപി 15 ഉം ബീജെപി 5 സീറ്റുകളിലുമാണ് വിജിയിച്ചത്. ടിആര്‍എസ് നേതാവ് ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.
ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണുവെയ്ക്കുന്ന ചന്ദ്രശേഖര്‍ റാവുവിന് 2019 ലേ ലോക്‌സഭ തിരഞ്ഞെടുപ്പ് ഏറെ പ്രാധാന്യപ്പെട്ടതാണ്. നിലവില്‍ ഒരു മുന്നണിയുടേയും ഭാഗമല്ല ടിആര്‍എസ്. തെലുങ്കാനയിലെ പ്രധാന എതിരാളിയായ കോണ്‍ഗ്രസ്സുമായി ദേശീയ തലത്തില്‍ സഖ്യം ചേരാന്‍ റാവുവിന് ആകില്ല. നിരന്തരം പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തുന്ന അദ്ദേഹം ഈയിടെ പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഇതിന് പുറമെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പില്‍ നിന്ന് ടിആര്‍എസ് വിട്ടുനിന്നു.
https://www.facebook.com/Malayalivartha
























