താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീയാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് അറിഞ്ഞതോടെ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍; പാചകക്കാരിയെ പിരിച്ച് വിടണമെന്ന ആവശ്യവുമായി രക്ഷാകര്‍ത്താക്കള്‍

ഭക്ഷണം പാകം ചെയ്തത് പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീയായതിനാല്‍ ഉത്തര്‍പ്രദേശിലെ ഒരു പ്രാഥമിക വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ തയാറായില്ല. ഭക്ഷണം പാഴായതിനെത്തുടര്‍ന്ന് ബാക്കി വന്ന റൊട്ടിയും ഉരുളക്കിഴങ്ങ് കറിയും സ്‌കൂള്‍ അധികൃതര്‍ കളയാന്‍ നിര്‍ബന്ധിതരായി. യാദവരും ബ്രാഹ്മണരും ബഹുഭൂരിപക്ഷമുള്ള സീതാപൂര്‍ ജില്ലയിലെ പല്‍ഹാരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു സ്ത്രീയാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് അറിഞ്ഞതോടെ രക്ഷാകര്‍ത്താക്കള്‍ സ്‌കൂളില്‍ വന്ന് പ്രതിഷേധം പാചകക്കാരിയെ അറിയിക്കുകയും പിരിച്ച് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എഴുപത്തിയാറ് കൂട്ടികളില്‍ ആറ് പേര്‍ മാത്രമാണ് ഭക്ഷണം കഴിച്ചത്. നിലവില്‍ ഭക്ഷണം പാചകം ചെയ്യുന്ന യാദവ കുലത്തില്‍പ്പെട്ട വ്യക്തി അവധിയായതിനെത്തുടര്‍ന്നാണ് അരക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രി പാചകം ചെയ്യാനായി സ്‌കൂളില്‍ എത്തിയത്. ആക്റ്റിവിസ്റ്റും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായിരുന്ന എസ്.ആര്‍ ദാരാപുരി സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു. താഴ്ന്ന ജാതിയില്‍പ്പെട്ട പാചകക്കാരെ ബഹിഷ്‌കരിക്കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴില്‍ ശിക്ഷാര്‍ഹമാണ്. സുപ്രിംകോടതിയാണ് ഈ നിയമം യു.പി യില്‍ പ്രാബല്യത്തിലാക്കിയത്.
https://www.facebook.com/Malayalivartha

























