വിവാഹമോചനത്തിനുശേഷം ഭര്‍ത്താവിനോ ഭര്‍തൃവീട്ടുകാര്‍ക്കോ എതിരെ സ്ത്രീധനപീഡനപരാതി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി

വിവാഹ മോചനത്തിനു ശേഷവും എതിര്‍ കുടുംബത്തെ വേട്ടയാടുന്ന പതിവ് ഇനി നടക്കില്ല. സുപ്രീം കോടതിയാണ് വളരെ സുപ്രധാനമായ വിധി പുറത്തിറക്കിയത്. വിവാഹമോചനത്തിനു ശേഷം ഭര്‍ത്താവിനോ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കോ എതിരെ സ്ത്രീധനപീഡന പരാതി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പും സ്ത്രീധനനിരോധന നിയമത്തിലെ വ്യവസ്ഥകളും വിവാഹമോചിതരായ ദമ്പതിമാരുടെ കാര്യത്തില്‍ നിലനില്‍ക്കുന്നതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നിയമപ്രകാരം വിവാഹമോചിതരായവര്‍ നിയമത്തിനു മുന്നില്‍ ഭാര്യാഭര്‍ത്താക്കന്മാരല്ല എന്നതു കൊണ്ട് ഭര്‍ത്താവായിരുന്ന വ്യക്തിയ്‌ക്കോ ബന്ധുക്കള്‍ക്കോ എതിരെ സ്ത്രീധന പീഡന ആരോപണം നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെയും എല്‍ നാഗേശ്വരറാവുവും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കേസ് പരിഗണിക്കവെയാണ് ബെഞ്ച് ഇത്തരത്തില്‍ വിധി പ്രസ്താവിച്ചത്.
മുന്‍ഭാര്യ സമര്‍പ്പിച്ച സ്ത്രീധനപീഡനക്കേസില്‍ പ്രതിസ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ കൂടുതല്‍ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. കൂടാതെ വിവാഹമോചനത്തിന് ശേഷം നാലു വര്‍ഷം കഴിഞ്ഞാണ് മുന്‍ ഭാര്യ കേസ് നല്‍കിയതെന്നുള്ളതും കോടതി പരിഗണിച്ചു.
https://www.facebook.com/Malayalivartha

























