ഗർഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ; ദമ്പതികൾ അറസ്റ്റിൽ

ഗർഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലാണ് സംഭവം. മാല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കൈവശമുള്ള പണവും ആഭരണവും കൈക്കലാക്കാനായിരുന്നു കൊലപാതകമെന്ന് പ്രതികൾ സമ്മതിച്ചു.
സംഭവത്തിൽ ബിസ്റാക്ക് മേഖലയിൽ മാല താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന സൗരഭ് ദിവാകർ, റിതു എന്നിവരെയാണ് ഗൗതം ബുദ്ധ് നഗർ സീനിയർ പോലീസ് സൂപ്രണ്ട് അജയ് പാൽ ശർമ്മ അറസ്റ്റ് ചെയ്തത്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് വിവാഹിതയായ മാല തനിക്ക് വിവാഹത്തിന് ലഭിച്ച ആഭരണങ്ങളും വിലപിടിച്ച വസ്തുക്കളും മറ്റും റിതുവിനെ കാണിച്ചിരുന്നു. ഇവയെല്ലാം കൈക്കലാക്കാൻ വേണ്ടിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
മാലയുടെ ഭർത്താവ് ശിവം ജോലിക്ക് പോയ സമയയംമാലയെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ച ശേഷം മാലയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം മാല വിവാഹത്തിന് ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസിലാക്കി. പിന്നീട് ഇവർ സ്യൂട്ട്കേസ് ഗാസിയബാദിൽ കൊണ്ടുപോയി ഉപേക്ഷിച്ചു.
അടുത്ത ദിവസം ബിസ്റാക്ക് പൊലീസ് സ്റ്റേഷനിൻ മാലയെ കാണാനില്ല എന്ന് കാണിച്ച് ഭർത്താവ് ശിവം പരാതി നൽകി. അതേ സമയം തന്നെയാണ് യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച വിവരവും പൊലീസിന് ലഭിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ശിവം മാലയെ കൊലപ്പെടുത്തിയതാണെന്ന് മാലയുടെ മാതാപിതാക്കൾ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ കൊല നടന്ന സമയം ശിവം ഓഫീസിലായിരുന്നു എന്നതിനാൽ പൊലീസ് ഇയാളെ വിട്ടയച്ചു. മാലയെ കാണാതായത് മുതൽ റിതു-സൗരഭ് ദമ്പതികളെയും കാണാതായതാണ് പൊലീസ് ഇവരെ സംശയിക്കാൻ കാരണം.
മോഷ്ടിച്ച ആഭരണങ്ങൾ, വസ്ത്രങ്ങൾ, മൊബൈൽ ഫോൺ എന്നിവയ്ക്കൊപ്പമാണ് റിതുവിനെയും സൗരഭിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തൽ, കവർച്ച എന്നീ വകുപ്പുകൾ പൊലീസ് ഇവർക്കെതിരെ ചുമത്തി.
https://www.facebook.com/Malayalivartha



























