മോദിയുടെ കാലു കഴുകിയ വെള്ളം ദുബേ കുടിക്കുമോ; കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ച ചോദ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ബിജെപി പ്രവര്‍ത്തകന്‍ എംപിയുടെ കാലു കഴുകിയ വെള്ളം കുടിച്ച സംഭവത്തില്‍ പരിഹാസവുമായി രംഹത്തുവന്നിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ട്വിറ്ററിലൂടെയായിരുന്നു പരിഹാസം പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്റെ കാലു കഴുകി വെള്ളം കുടിച്ച സംഭവത്തെ ന്യായീകരിച്ച് ഗൊഡ്ഡ എംപിയായ നിഷികാന്ത് ദുബേ രംഗത്തെത്തിയതിനു പിന്നാലെയാണ് സിബലിന്റെ ട്വീറ്റും വന്നത്.
കാലുകഴുകി വെള്ളം കുടിച്ചത് തന്നോടുള്ള പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌നേഹമാണ് കാണിക്കുന്നതെന്നാണ് ദുബേ പറയുന്നത്. അങ്ങനെയെങ്കില്‍ മോദിയുടെ കാലു കഴുകിയ ദുബേ വെള്ളം കുടിക്കുമോ? അങ്ങനെ ചെയ്യാതിരുന്നാല്‍ അദ്ദേഹം മോദിയെ സ്‌നേഹിക്കുന്നില്ലെന്നല്ലേ അര്‍ഥം? എന്നായിരുന്നു കപില്‍ സിബല്‍ ചോദിക്കുന്നത്.
ജാര്‍ഖണ്ഡിലെ ഗോഡ്ഡ എംപിയായ നിഷികാന്ത് ദുബേ തന്റെ മണ്ഡലത്തിലെ ഒരു ഗ്രാമത്തില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകനായ പവന്‍ ഷാ ദുബേയുടെ കാലു കഴുകി വെള്ളം കുടിച്ചത്. ഈ സമയം പവന്‍ഭായ് സിന്ദാബാദ് എന്ന് അനുയായികള്‍ മുദ്രാവാക്യം മുഴക്കി.
സംഭവത്തെക്കുറിച്ച് നിഷികാന്ത് ദുബേ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിക്കുകയും വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. 'പാര്‍ട്ടിയിലെ പരിചയസമ്പന്നനായ പ്രവര്‍ത്തകന്‍ പവന്‍സിങ് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്നെന്റെ കാല്‍ കഴുകി. എന്നെങ്കിലും എനിക്കിതു പോലൊരവസരം ലഭിക്കും. അന്ന് ഞാനും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കാല്‍ കഴുകി ആ വെള്ളം കുടിക്കും'. പവന്‍ അയാളുടെ വാഗ്ദാനം നിറവേറ്റിയെന്നും ദുബേ കുറിച്ചു.
സംഭവത്തെ തുടര്‍ന്ന് നിശിത വിമര്‍ശനങ്ങള്‍ നേരിടുകയാണ് ദുബേ ഇപ്പോള്‍. എന്നാല്‍, മഹാഭാരത കഥകളില്‍ അതിഥികളുടെ പാദപൂജ ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ടെന്നും അതു കൊണ്ട് ഈ സംഭവത്തിന്റെ പേരില്‍ യാതൊരു പ്രശ്‌നവും വേണ്ടെന്നുമാണ് ദുബേ പറയുന്നത്. ഇതിലെന്തിനാണ് രാഷ്ട്രീയത്തിന്റെ നിറം കലര്‍ത്തുന്നതെന്നും ദുബേ ചോദിച്ചു. പവന്‍ അയാളുടെ ഇഷ്ടപ്രകാരമാണ് ഇത്തരത്തില്‍ ചെയ്തതെന്നും ദുബേ കൂട്ടിച്ചേര്‍ത്തു. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും തന്റെ മുതിര്‍ന്ന സഹോദരനെപ്പോലെയാണ് ദുബേയെന്നും പവന്‍ കുമാര്‍ വ്യക്തമാക്കി. ഈ സംഭവം രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























