റാഫേല്‍ കരാർ; വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നുവരെ എടുത്ത നടപടികളുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പ്രതിരോധ മന്ത്രാലയ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുദ്രവെച്ച കവറില്‍ സുപ്രീം കോടതി സെക്രട്ടറി ജനറലിനാണ് സര്‍ക്കാര്‍ രേഖകള്‍ സമര്‍പ്പിച്ചത്.
കരാറുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങളും ജെറ്റുകളുടെ വിലയും പരസ്യപ്പെടുത്താതെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവര്‍ റാഫേല്‍ കരാറില്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
അതിനിടെ റാഫേല്‍ ഇടപാടില്‍ മോദി സർക്കാറിനെതിരെ ആരോപണവുമായി എച്ച്എഎൽ ജീവനക്കാർ രംഗത്തെത്തി. റാഫേല്‍ കരാർ ഇന്ത്യയുടെ എയറോസ്‌പേസ് ഡിഫന്‍സ് ഏജന്‍സിയായ എച്ച്എഎല്ലിന് കൊടുക്കാതെ റിലയന്‍സിന് നൽകി എന്നതാണ് ആരോപണം.
ബംഗളൂരുവില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിമർശനവുമായി ജീവനക്കാർ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ഒക്ടോബര്‍ 22ന് സമരത്തിനിറങ്ങുമെന്നും അവർ വ്യക്തമാക്കി.
യു.പി.എ സര്‍ക്കാരിന്‍റെ കാലത്താണ് ഫ്രാന്‍സില്‍ നിന്നും റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. യു.പി.എ. സര്‍ക്കാരിന്‍റെ കാലത്ത് പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എലിനെ പങ്കാളിയാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ 2015 ല്‍ ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് കരാര്‍ ഒപ്പിടുന്നതിന് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കുകയായിരുന്നു എന്നാണ് ആരോപണം.
https://www.facebook.com/Malayalivartha























