ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വടക്കന്‍ കൊല്‍ക്കത്തയില്‍ നിന്ന് ജനവിധി തേടിയേക്കും. വിജയസാധ്യതയുള്ള സീറ്റ് എന്ന നിലയ്‌ക്കാണ് മത്സരിക്കുന്നതെന്ന് റിപ്പോര്‍ട്ട്

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വടക്കന്‍ കൊല്‍ക്കത്തയില്‍ നിന്ന് ജനവിധി തേടുമെന്ന് റിപ്പോര്‍ട്ട്. വിജയസാധ്യതയുള്ള സീറ്റ് എന്ന നിലയ്ക്കാണ് നോര്‍ത്ത് കൊല്‍ക്കത്ത തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ബംഗാള്‍ യൂണിറ്റിനെ ഉദ്ധരിച്ച്കൊണ്ട് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
” പാര്‍ട്ടിയെ സംബന്ധിച്ച് അമിത് ഷായെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഏറെ ഗുണം ചെയ്യും. അദ്ദേഹം ഇവിടെ മത്സരിച്ചാല്‍ വിജയം സുനിശ്ചിതമാണ്. നോര്‍ത്ത് കൊല്‍ക്കത്തയില്‍ നിന്നും അദ്ദേഹം മത്സരിക്കാന്‍ തീരുമാനിക്കുകയാണെങ്കിൽ അത് തങ്ങളെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടാണെന്നും ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.
അമിത് ഷാ വടക്കന്‍ കൊല്‍ക്കത്തയില്‍ മത്സരിക്കുമെന്നാണ് അറിയുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം എന്തുകൊണ്ടും ഗുണം ചെയ്യും. ഏവരും ഉറ്റുനോക്കുന്ന മണ്ഡലമായി വടക്കന്‍ കൊല്‍ക്കത്ത മാറും. അദ്ദേഹം ഇവിടെ തന്നെ മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യവും-മറ്റൊരു ബി.ജെ.പി നേതാവ് പറയുന്നു.
”അമിത് ഷായെ പോലെയുള്ള ദേശീയ രാഷ്ട്രീയത്തിലെ ചാണക്യന്‍ ഇവിടെ മത്സരിക്കുന്നത് വിജയം സുനിശ്ചിതമാക്കുമെന്നതില്‍ യാതൊരുവിധ സംശയമില്ല. എന്നാല്‍ എന്റെ ചോദ്യം ഇതാണ്. വാരാണസിയില്‍ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്ത മോദി ജീ എന്തുകൊണ്ടാണ് പുരിയില്‍ മത്സരിക്കാതിരുന്നത്.?ഇതേ ചോദ്യം തന്നെയാണ് അമിത് ഷായുടെ കാര്യത്തിലും ഉയരുന്നത്. എന്തുകൊണ്ട് അമിത് ഷായക്ക് വടക്കന്‍ കൊല്‍ക്കത്തയില്‍ മത്സരിച്ചുകൂടാ.- ബി.ജെ.പി സംസ്ഥാന നേതാവ് ചോദിക്കുന്നു.
2014 ല്‍ നോര്‍ത്ത് കൊല്‍ക്കത്തയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നെങ്കിലും മണ്ഡലത്തില്‍ വിജയിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല .
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുദീപ് ബന്ദോപാധ്യായയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി എത്തിയത്.അന്ന് സുദീപ് ബന്ദോപാധ്യായയ്ക്ക് 3,43,687 വോട്ടുകളായിരുന്നു ലഭിച്ചത്. 2009 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 17 ശതമാനം വോട്ടിന്റെ കുറവ് അദ്ദേഹത്തിനുണ്ടായെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്.
എന്നാല്‍ ബി.ജെപിയുടെ രാഹുല്‍ സിന്‍ഹയ്ക്ക് 2,47, 461 വോട്ട് ലഭിച്ചെന്നും മുന്‍ തെരഞ്ഞെടുപ്പിനെ വെച്ച് നോക്കുമ്പോള്‍ 21.66 ശതമാനം വോട്ടിന്റെ വര്‍ധനവ് ബി.ജെ.പിയ്ക്ക് ഉണ്ടായെന്നുമായിരുന്നു പാര്‍ട്ടി ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലം പിടിച്ചിരിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
https://www.facebook.com/Malayalivartha
























