റഫാലിൽ അന്വേഷണം ഉണ്ടായാൽ മോദിക്ക് തടിയൂരാൻ പറ്റില്ല; തെളിവുകൾ പരത്തിവെച്ച് രാഹുൽ ഗാന്ധി

റഫാൽ അന്വേഷണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേസിൽ നിന്ന് ഊരിപ്പോകാൻ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ പ്രവർത്തനമൊന്നുമില്ലാതെ കിടന്നിരുന്ന ഒരു കമ്പനി റഫാൽ വിമാനക്കരാറിനു പിന്നാലെ 284 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട് ചെയ്തിരുന്നു .ഇതിന് ചുവടുപിടിച്ചാണ് രാഹുല്‍ മോദിക്കെതിരെ രംഗത്തെത്തിയത്.
റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ദസ്സോ നിക്ഷപം വഴി 284 കോടി രൂപ ലാഭമുണ്ടാക്കിയത്. ഈ പണം ഉപയോഗിച്ചാണ് നാഗ്പൂരില്‍ റിലയന്‍സ് എയറോ സ്ട്രക്ചര്‍ ഭൂമി വാങ്ങിയതെന്നും രേഖകള്‍ വ്യക്തമാക്കിയിരുന്നു.റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് എന്ന, നഷ്ടത്തില്‍ ഓടുകയും ഒരു രൂപ പോലും ലാഭം കൊയ്യാതെയുമിരുന്ന കമ്പനിയില്‍ ഏതാണ്ട് 4കോടി യൂറോ (334 കോടി രൂപ) ദസ്സോ ഏവിയേഷന്‍ നിക്ഷേപിച്ചതായാണ് രേഖകള്‍. 2017 – 18 സാമ്പത്തിക വര്‍ഷത്തില്‍, 34.7% ഓഹരികള്‍ വാങ്ങിക്കൊണ്ടാണ് ദസ്സോ നിക്ഷേപം നടത്തിയത്.
റഫാൽ ഇടപാടില്‍ ദസ്സോ ഏവിയേഷന്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കളിയാക്കിയതിനെകുറിച്ചുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ്, അനില്‍ അംബാനിയുടെ മറ്റൊരു കമ്പനിയില്‍ കൂടി ദസ്സോ കമ്പനി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ പുറത്തു വന്നിരിക്കുന്നത് .
”ഇതൊരു കൊടുക്കല്‍ വാങ്ങലാണ്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ദസ്സോ കമ്പനി തലവന്‍ പറയുന്നത് കള്ളമാണ്. റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് ദസ്സോ നിക്ഷപം വഴി 284 കോടി രൂപയുടെ ഭൂമി വാങ്ങി. എന്തിനാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപം അവര്‍ നടത്തിയത്. അതും ഒരു രൂപ പോലും ലാഭമുണ്ടാക്കാത്ത കമ്പനിയില്‍ – രാഹുല്‍ ആഞ്ഞടിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി, ഒമ്പത് ലക്ഷവും, പത്തര ലക്ഷവും വീതം നഷ്ടം ഉണ്ടാക്കിയ കമ്പനിയില്‍ എന്ത് കൊണ്ട് ദസ്സോ പണം നിക്ഷേപിച്ചു എന്ന് വ്യക്തമല്ല. ദസ്സോ ഏവിയേഷന്റെ പ്രവര്‍ത്തന മേഖലയുമായി ഒരു ബന്ധവും ഇല്ലാത്ത, ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു കമ്പനിയിലാണ് വന്‍ തുക നിക്ഷേപം നടത്തിയത്.
2015 ല്‍ മഹാരാഷ്ട്ര എയര്‍പോര്‍ട്ട് ഡെവെലപ്‌മെന്റ് കൗണ്‍സിലില്‍ നിന്നും വാങ്ങിയ ഭൂമിയുടെ പണം, ദസ്സോ ഏവിയേഷന്റെ നിഷേപം ലഭിച്ച ശേഷമാണു അനില്‍ അംബാനിയുടെ കമ്പനി നല്‍കിയത് എന്നും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നാഗ്പൂരില്‍ ഭൂമി ഉള്ളതാണ് റിലയന്‍സിനെ പങ്കാളിയാക്കാനുള്ള പ്രധാന കാരണമെന്നാണ് ദസ്സോ സി.ഇ.ഓ എറിക് ട്രപ്പിയര്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























