അര്‍ബുദ രോഗ ബാധിതയായ മാതാവിനെ സന്ദര്‍ശിക്കുന്നതിനായി ലഭിച്ച അനുമതി ഒരാഴ്ചകൂടി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടുള്ള പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അമ്മയുടെ നില ഗുരുതരമായതിനാല്‍ ഒരാഴ്ചകൂടി സമയപരിധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതി പരിഗണിക്കും. ബംഗളൂരു സ്‌ഫോടന കേസില്‍ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന മഅ്ദനിക്ക് വിചാരണ നടക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതിയാണ് നേരത്തേ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലുവരെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. രണ്ടാഴ്ചക്കുള്ള അനുമതിയായിരുന്നു തേടിയതെങ്കിലും എട്ടുദിവസമാണ് കോടതി അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 30നാണ് മഅ്ദനി കേരളത്തിലെത്തി കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉമ്മ അസ്മ ബീവിയെ സന്ദര്‍ശിച്ചത്.
ഉമ്മയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് വ്യക്തമാക്കിയാണ് അനുമതി ഒരാഴ്ച കൂടി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയത്. ഉമ്മയുടെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള രേഖകളും ഹരജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം, യാത്രാനുമതിയില്‍ 'പാര്‍ട്ടി നേതാക്കളുമായോ പ്രവര്‍ത്തകരുമായോ കൂടിക്കാഴ്ച പാടില്ല' എന്ന കര്‍ശന നിബന്ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും ഇന്ന് കോടതി പരിഗണിക്കും
https://www.facebook.com/Malayalivartha
























