ദീപാവലിക്കുശേഷം രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് യോഗി ആദിത്യനാഥ്

ഇത്തവണ ദീപാവലിക്കുശേഷം രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നും നിര്‍മാണത്തിനുള്ള മുന്നൊരുക്കമെന്ന നിലയില്‍ 'രാമന്റെ നാമത്തില്‍ ദീപം തെളിക്കല്‍' പരിപാടി നടത്തുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് കര്‍സേവകര്‍ പണിത താല്‍ക്കാലിക ക്ഷേത്രത്തില്‍ ഈ ദീപാവലിക്ക് താന്‍ ദീപം തെളിയിക്കുമെന്ന് യോഗി കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വ സംഘടനകള്‍ കോടതിയെ മറികടന്ന് രാമക്ഷേത്ര നിര്‍മാണത്തിന് സാഹചര്യമൊരുക്കാന്‍ ആവശ്യപ്പെടുന്നതിനിടയിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പുതിയ പരിപാടി പ്രഖ്യാപിച്ചത്. നിങ്ങള്‍ ആഗ്രഹിക്കുന്നത് യാഥാര്‍ഥ്യമാകാന്‍ രാമനാമത്തില്‍ ഒരു ദീപം തെളിയിക്കണമെന്നും രാമക്ഷേത്രം എളുപ്പമുയരുമെന്നും യോഗി ബികാനീറില്‍ പറഞ്ഞു. പൂര്‍ണമായ സമര്‍പ്പണം ഇക്കാര്യത്തിലുണ്ടാകണം. ആ സമര്‍പ്പണമാണ് രാമക്ഷേത്രം യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുക. ദീപാവലി മുതല്‍ രാമനാമത്തില്‍ ദീപം തെളിയിക്കുന്ന പരിപാടിയുമായി മുന്നോട്ടുപോകണം.
രാമക്ഷേത്ര നിര്‍മാണത്തിനുള്ള പദ്ധതി ദീപാവലിക്ക് യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞിരുന്നു. രാമക്ഷേത്രത്തിനായി തന്നാലാവുന്നത് ചെയ്യുമെന്ന് കേന്ദ്ര ജലിവിഭവ മന്ത്രി ഉമാ ഭാരതി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ഇതിനുള്ള ഹാഷ്ടാഗ് കാമ്പയിന്‍ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. സുപ്രീംകോടതി തീരുമാനത്തിലൂടെയോ നിയമമുണ്ടാക്കിയോ ചര്‍ച്ചയിലൂടെയോ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. എത്രയുംവേഗം സുപ്രീംകോടതി കേസ് പരിഗണിക്കണമെന്ന് കേന്ദ്രമന്ത്രി പി.പി. ചൗധരി ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിനായി പ്രാര്‍ഥനയും പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ ശ്രീശ്രീ രവിശങ്കറും ആഹ്വാനം ചെയ്തു
ബാബരി ഭൂമി കേസ് ഒക്‌ടോബര്‍ 29ന് അന്തിമ വിചാരണ നടക്കുമെന്നും സുപ്രീംകോടതി വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നും പ്രതീക്ഷിച്ച സംഘ്പരിവാര്‍, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അത് ജനുവരിയിലേക്ക് നീട്ടിവെച്ചത് അവഹേളനമാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. അതിനുശേഷം രാമക്ഷേത്രത്തിനായി കോടതി വിധി മറികടക്കണമെന്ന ആവശ്യം സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























