രാഹുൽ ഗാന്ധിയുടെ അഞ്ച് തലമുറയെ കുറിച്ച് എല്ലാവർക്കും അറിയാം, എന്നാൽ മോദിയുടെ അച്ഛനെ ആർക്കും അറിയില്ല ! ; വിവാദങ്ങൾക്ക് തിരി കൊളുത്തി കോൺഗ്രസ്സ് നേതാവ് വിലാസ്റാവു മുട്ടെംവാർ
തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ കെട്ടടങ്ങി വന്നതോടെ വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തി കോൺഗ്രസ്സ് നേതൃത്വം. കോൺഗ്രസ്സ് നേതാവ് വിലാസ്റാവു മുട്ടെംവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ചാണ് രംഗത്തെത്തിയത്.
എല്ലാവർക്കും രാഹുൽ ഗാന്ധിയുടെ അച്ഛന്റെ പേര് അറിയാം. എന്നാൽ ആർക്കും മോദിയുടെ അച്ഛനെ അറിയില്ലെന്ന് വിലാസ്റാവു പറഞ്ഞു. രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു വിലാസ്റാവുവിന്റെ വിവാദ പ്രസ്താവന. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
മോദി പ്രധാനമന്ത്രി ആകുന്നതിന് മുൻപ് ആർക്കുമറിയില്ലായിരുന്നു. ഇന്നും പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് ആർക്കുമറിയില്ല. എന്നാൽ എല്ലാവർക്കും രാഹുൽ ഗാന്ധിയുടെ അച്ഛനെ അറിയാം-രാജീവ് ഗാന്ധി. രാജീവ് ഗാന്ധിയുടെ മാതാവിന്റെ പേരും എല്ലാവർക്കും സുപരിചിതമാണ്-ഇന്ദിരാ ഗാന്ധി. ഇന്ദിരയുടെ അച്ഛനെയും എല്ലാവർക്കും അറിയാം-പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. മോത്തിലാൽ നെഹ്റുവാണ് ജവഹർലാൻ നെഹ്റുവിന്റെ പിതാവ്. രാഹുൽ ഗാന്ധിയുടെ അഞ്ച് തലമുറയെ കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ മോദിയെ കുറിച്ച് അറിയാമോ എന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ മോദിയുടെ മാതാവിനെ രൂപയുടെ മൂല്യവുമായി താരതമ്യം ചെയ്ത് കോണ്ഗ്രസ് നേതാവ് രാജ് ബബ്ബർ രംഗത്ത് എത്തിയതിനെ മോദി തന്നെ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിലാസ്റാവുവിന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha