മിസോറാമിലും മധ്യപ്രദേശിലും വോട്ടെടുപ്പ് ആരംഭിച്ചു, രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെയാണ് രണ്ടിടങ്ങളിലും വോട്ടെടുപ്പ് , പതിനഞ്ചു വര്‍ഷമായി മധ്യപ്രദേശില്‍ അധികാരത്തിലുള്ള ബിജെപി ഇത്തവണ കടുത്ത മല്‍സരമാണ് നേരിടുന്നത്
മിസോറമിലും മധ്യപ്രദേശിലും വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെയാണ് രണ്ടിടങ്ങളിലും വോട്ടെടുപ്പ് നടക്കുക. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്ക് ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് ബലപരീക്ഷണം. പതിനഞ്ചു വര്‍ഷമായി മധ്യപ്രദേശില്‍ അധികാരത്തിലുള്ള ബിജെപി ഇത്തവണ കടുത്ത മല്‍സരമാണ് നേരിടുന്നത്.
2008 മുതല്‍ പത്തു വര്‍ഷമായി മിസോറമില്‍ ഭരണം തുടരുന്ന കോണ്‍ഗ്രസിന് ഇത്തവണ വെല്ലുവിളി ശക്തമാണ്. മിസോറമിലെ 40 സീറ്റിലേക്ക് കോണ്‍ഗ്രസ്, മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്), ബിജെപി കക്ഷികള്‍ തമ്മില്‍ ത്രികോണ മല്‍സരമാണ്. മധ്യപ്രദേശില്‍ 2013ലെ തെരഞ്ഞെടുപ്പില്‍ 165 സീറ്റുകളോടെ മിന്നുന്ന ജയം നേടിയ ബിജെപിക്കും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ല.
ശക്തമായ ഭരണവിരുദ്ധ വികാരമുള്ള സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. മിസോറമില്‍ 34 സീറ്റുകള്‍ നേടി 2013ല്‍ വിജയിച്ച കോണ്‍ഗ്രസിന് ഇത്തവണ ഭരണം നിലനിര്‍ത്തുക എളുപ്പമാകില്ല. 39 സീറ്റില്‍ മല്‍സരിക്കുന്ന ബിജെപിയുടെ സാന്നിധ്യമാകും കോണ്‍ഗ്രസിനും എംഎന്‍എഫിനും ഒരുപോലെ തലവേദനയാകുക. മധ്യപ്രദേശില്‍ 5,03,94,086 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക. മിസോറമില്‍ 7,70,395 വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനവാകാശം രേഖപ്പെടുത്തും.രണ്ടിടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
മധ്യപ്രദേശില്‍ മാത്രം 650 കമ്പനി കേന്ദ്രസേനയെയാണ് വിന്യസിച്ചിട്ടുള്ളത്. 2,899 സ്ഥാനാര്‍ഥികളാണ് ഇവിടെ മല്‍സരരംഗത്തുള്ളത്. മിസോറമില്‍ 40 കമ്പനി കേന്ദ്രസേനയും 42 കമ്പനി സംസ്ഥാന പോലീസും അടക്കം കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ത്രിപുരയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്ന മിസോറാമിലെ 12,000 വോട്ടര്‍മാര്‍ക്കായി പ്രത്യേക പോളിംഗ് കേന്ദ്രങ്ങളുണ്ടാകും.
https://www.facebook.com/Malayalivartha