ഹനുമാന്‍ ദളിതൻ മാത്രമല്ല ഭൂവുടമകളുടെ അടിമയായിരുന്നു ! ; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയിൽ പ്രതികരിച്ച് ബിജെപി വനിതാ എം പി സാവിത്രി ബായ് ഫൂലെ

ഹനുമാന്‍ ദളിതനായിരുന്നുവെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന ശരിവച്ച് ബിജെപി വനിതാ എം പി സാവിത്രി ബായ് ഫൂലെ. ഹനുമാന്‍ ദളിതനായിരുന്നുവെന്നും എന്നാല്‍ ഹനുമാന്‍, ഭൂവുടമകളുടെ(മനുവാദി) അടിമയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
'ഭഗവാന്‍ ഹനുമാന്‍ ദളിതനായിരുന്നു. എന്നാല്‍ അദ്ദേഹം ഭൂപ്രഭുക്കളുടെ(മനുവാദികളുടെ) അടിമയായിരുന്നു. അദ്ദേഹം ദളിതനും മനുഷ്യനുമായിരുന്നു. രാമന് വേണ്ടി അദ്ദേഹം എല്ലാം ചെയ്ത് കൊടുത്തു. എന്നിട്ട് എന്തിനാണ് അദ്ദേഹത്തിന് വാലും കരിപുരണ്ട മുഖവും നല്‍കിയത് ? എന്തിനാണ് അദ്ദേഹത്തെ കുരങ്ങനാക്കിയത് ?' സാവിത്രി ഫൂലെ ചോദിച്ചു.
'ഭക്തിയോടെ രാമന് വേണ്ടി എല്ലാം ചെയ്ത ഹനുമാനെ കുരങ്ങനായല്ല ഉറപ്പായും മനുഷ്യനായി ജനിപ്പിക്കണമായിരുന്നു. ആ സമയം മുതല്‍ ദളിതനായതില്‍ അദ്ദേഹം ഒരുപാട് അപമാനം നേരിട്ടു. എന്തുകൊണ്ടാണ് നമ്മള്‍ ദളിതരെ മനുഷ്യരായി കാണക്കാക്കാത്തത് ?' സാവിത്രി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. അതേസമയം സാവിത്രി ബായ് ഫൂലെയ്ക്ക് ഇന്ത്യന്‍ പാരമ്പര്യത്തെ കുറിച്ച് അറിവില്ലെന്നാണ് കരുതുന്നതെന്ന് ബിജെപി വക്താവ് ചന്ദ്ര മോഹന്‍ പറഞ്ഞു.
രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ മാല്‍പുര മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വച്ചായിരുന്നു ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. രാമഭക്തനായ ഹനുമാന്‍ ദളിത്, ആദിവാസിയാണെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്. ഹനുമാന്‍ ദളിത് ഗോത്രത്തില്‍പ്പെട്ട ആളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ആള്‍വാറിന് വോട്ട് നല്‍കണമെന്നും യോഗി ആവശ്യപ്പെട്ടിരുന്നു. ഹനുമാന്‍ ദളിതനായിരുന്നുവെന്ന് യോഗി ആദ്യമായിട്ടല്ല അവകാശപ്പെടുന്നത്. ഛത്തീസ്ഗഡിലെ പ്രചരണ പരിപാടിക്കിടയിലും അദ്ദേഹം സമാന പ്രസ്താവന നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























