അയോധ്യകേസ് ഭരണഘടനാ ബെഞ്ചിലേയ്ക്ക്; വാദം കേൾക്കൽ തീയതി ഈ മാസം 10 ന് തീരുമാനിക്കും; അഞ്ചാംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും

നിരവധി തർക്കങ്ങൾക്കും വാദങ്ങൾക്കുമൊടുവിൽ അയോധ്യാകേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാനാണ് സുപ്രീം കോടതിയുടെ തീരുമാനം. ഈ മാസം 10 മുതലാണ് കേസിൽ വാദം കേൾക്കുക
ചീഫ് ജസ്‌റ്റിസിന് പുറമെ ജസ്‌റ്റിസുമാരായ എസ്.എ.ബോഡ്‌ബെ, എൻ.വി.രാമന, യു.യു.ലളിത്, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിൽ ഉണ്ടാവുക. ഭൂമി മൂന്നായി വിഭജിച്ച് നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് ബെഞ്ച് പരിഗണിക്കുക. അയോദ്ധ്യയിലെ 2.27ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും നിർമ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നൽകണമെന്നായിരുന്നു 2010ൽ അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെയാണ് അപ്പീലുകൾ സുപ്രീം കോടതിയ്‌ക്ക് മുന്നിലെത്തിയത്. ഇതിന് പുറമെ അയോധ്യയിലെ തർക്ക ഭൂമി ബുദ്ധ ക്ഷേത്രം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയും കോടതിയ്‌ക്ക് മുന്നിലുണ്ട്.
കേസില്‍ എങ്ങനെ വാദം കേള്‍ക്കണം. അന്തിമവാദം എപ്പോഴാണ് തുടങ്ങുക തുടങ്ങിയ കാര്യങ്ങള്‍ പത്താം തീയതി പരിഗണിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള കേസിന്റെ വാദം നേരത്തെ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ കേസില്‍ വിധി വരുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പത്താം തീയതി വ്യക്തത വന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, സുപ്രീംകോടതി വിധി കാത്ത് നിൽക്കാതെ രാമക്ഷേത്ര നിർമ്മാണം ഉടൻ തുടങ്ങണമെന്നാണ് ആർ.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര സർക്കാർ രാമക്ഷേത്ര നിർമ്മാണത്തിന് ഓഡിനൻസ് പുറപ്പെടുവിക്കണമെന്നും സംഘടകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി നടപടികൾ പൂർത്തിയായ ശേഷമേ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി.
https://www.facebook.com/Malayalivartha





















