മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും അപകടവിവരം പുറത്തു വന്ന അന്നുതന്നെ മരിച്ചിരിക്കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മേഘാലയയിലെ ജയന്തിയ ഹില്‍സിലുള്ള അനധികൃത ഖനിയില്‍ അകപ്പെട്ടുപോയ 15 തൊഴിലാളികളും അപകടവിവരം പുറത്തു വന്ന അന്നുതന്നെ മരിച്ചിരിക്കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അപകട വിവരം പുറത്തറിഞ്ഞ ഉടന്‍ തന്നെ തൊഴിലാളികളെ രക്ഷിക്കുന്നതിനായി വേണ്ടത്ര ആളുകളും യന്ത്രങ്ങളും കൃത്യമായി തന്നെ എത്തിച്ചിട്ടുണ്ട്. എന്നാല്‍ അപകട വിവരം പുറത്തറിഞ്ഞപ്പോഴേക്കും അവര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മേഘാലയയിലെ ഖനി അപകടത്തെ സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹരജിയില്‍ തല്‍സ്ഥിതി അറിയിച്ചുകൊണ്ട് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് തൊഴിലാളികള്‍ മരിച്ചുവെന്ന പരാമര്‍ശമുള്ളത്.
ജില്ലാ അധികൃതര്‍ സഹായം തേടിക്കൊണ്ട് ദേശീയ ദുരന്ത നിവാരണ സേനക്ക് ഡിസംബര്‍ 13ന് അയച്ച കത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ റിപ്പോര്‍ട്ടും ഉണ്ട്. വെള്ളപ്പൊക്കം മൂലം ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജനറേറ്ററുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച് മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രാദേശിക ഖനിതൊഴിലാളികളുടെ അഭിപ്രായ പ്രകാരം ചില ഉപകരണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമുണ്ടെന്ന് കാണിച്ച് ഡിസംബര്‍ 17ന് ദുരന്ത നിരാവണ സേന ഡെപ്യൂട്ടി കമീഷണര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. പത്തു ദിവസങ്ങള്‍ക്ക് ശേഷം കോള്‍ ഇന്ത്യ ലിമിറ്റഡിന് എഴുതിയ കത്തില്‍ സാങ്കേതിക വിദഗ്ധരുടെയും കൂടുതല്‍ നല്ല ഉപകരണങ്ങളുടെയും സഹായം എന്‍.ഡി.ആര്‍.എഫ് ആവശ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha





















