ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്‍മാറി, കേസ് 29ലേക്ക് മാറ്റി

ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്‍മാറി. അഭിഭാഷകനായിരിക്കേ അയോധ്യ കേസില്‍ യു.പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് വേണ്ടി ഹാജരായിട്ടുള്ളതിനാലാണ് പിന്‍മാറ്റം. ലളിത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് കേസ് ഈ മാസം 29 ലേക്ക് മാറ്റി. അന്ന് പുതിയ അംഗത്തെ ബഞ്ചില്‍ ഉള്‍പ്പെടുത്തും.
29ന് മുമ്പ് കക്ഷികള്‍ കേസിലെ രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ സമര്‍പ്പിക്കണം. രേഖകള്‍ വിവര്‍ത്തനം ചെയ്യാന്‍ ഔദ്യോഗിക വിവര്‍ത്തകരെ ചുമതലപ്പെടുത്തുമെന്നും കോടതി അറിയിച്ചു. കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ജസ്റ്റിസ് ലളിത് നേരത്തെ അയോധ്യ കേസിലെ ഒരു കക്ഷിക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന വിവരം അറിയിച്ചത്. സംഭവം മറ്റു ജഡ്ജിമാര്‍ പരിശോധിച്ചിട്ടുണ്ടെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് മറ്റുള്ളവരുടെ അഭിപ്രായവും ചോദിച്ചു.കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ലളിത് പിന്മാറേണ്ട സാഹചര്യമില്ലെന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വ്യക്തമാക്കി.
പിന്‍മാറുന്ന കാര്യം ജസ്റ്റിസ് ലളിതിന് തീരുമാനിക്കാമെന്നും തനിക്ക് അത് പ്രശ്‌നമല്ലെന്നും സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ സന്നദ്ധനാണെന്ന് ലളിത് അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ബോബ്‌ഡേ, എന്‍.വി രമണ, യു.യു ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. 29ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ബെഞ്ചില്‍ പുതിയ അംഗത്തെ ഉള്‍പ്പെടുത്തും.
https://www.facebook.com/Malayalivartha





















