ഡല്‍ഹിയില്‍ കോൺഗ്രസിനെ നയിക്കാന്‍ വീണ്ടും ഷീല ദീക്ഷിത്; നിയമനം ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അജയ് മാക്കന്‍ രാജിവച്ചതിനെ തുടര്‍ന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോൺഗ്രസിനെ നയിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ വീണ്ടും നിയോഗിച്ചു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ 80 കാരിയായ ദീക്ഷിത്തിന് പാര്‍ട്ടിക്ക് പുതുജീവന്‍ പകരുക വെല്ലുവിളിയാണ്.
ദീക്ഷിത്തിനൊപ്പം ദേവേന്ദ് യാദവ്, രാജേഷ് ലിലോതിയ, ഹാറൂണ്‍ യൂസഫ് എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി അംഗം പി.സി..ചാക്കോയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ഈ അവസരം തന്നതിലൂടെ പാര്‍ട്ടി തന്നെ മാനിച്ചിരിക്കുകയാണെന്ന് ഷീല ദീക്ഷിത് പറഞ്ഞു. ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കഴിഞ്ഞ ആഴ്ച അജയ് മാക്കന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഷീല ദീക്ഷിതിനെ നിയമിക്കാന്‍ എഐസിസി തീരുമാനിച്ചത്.
1998 മുതല്‍ 2013 വരെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. ആം ആദ്മിയുടെ തേരോട്ടത്തിന് മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ ഷീലയ്ക്കും തിരിച്ചടിയേററു. 2014 മാര്‍ച്ച് മാസം മുതല്‍ 2015 ഓഗസ്റ്റ് വരെ കേരള ഗവര്‍ണറായി ഷീല പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് ശേഷം കോണ്‍ഗ്രസിന്റെ യുപി സംഘടനാ ചുമതലയും നിര്‍വ്വഹിച്ചു.
https://www.facebook.com/Malayalivartha





















