നവജാത ശിശുക്കളുടെ ഗ്രഹനില ആശുപത്രിയില്‍ വെച്ചുതന്നെ കണ്ടെത്താം, അതിനനുസരിച്ച് പേര് നല്‍കുകയും ആവാം, രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പുതിയ പദ്ധതി

രാജസ്ഥാനിലെ നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചുതന്നെ പേര് നല്‍കാനുള്ള പദ്ധതിയുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഈ പദ്ധതി പ്രകാരം ജനന സമയത്തെ ഗ്രഹനില കണക്കാക്കി കുഞ്ഞിന് യോജിക്കുന്ന തരത്തിലുള്ള പേര് ആശുപത്രിയില്‍ വച്ചുതന്നെ നല്‍കാന്‍ സാധിക്കും. രാജീവ് ഗാന്ധി ജന്മപത്രി നാംകരണ്‍ യോജന എന്നാണ് പദ്ധതിയുടെ പേര്. രാജസ്ഥാനിലെ എല്ലാ സര്‍ക്കാര്‍, സ്യകാര്യ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കും.
ജയ്പൂരിലെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തുടക്കത്തില്‍ സൗജന്യമായാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും പിന്നീട് മറ്റു സ്ഥലങ്ങളില്‍ കൂടി വ്യാപിക്കുന്നതോടെ തുക ഇടാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 51 രൂപയും സ്വകാര്യ ആശുപത്രികളില്‍ 101 രൂപയുമായിരിക്കും ഫീസായി ഇടാക്കുക. നിലവില്‍ 16,728 സര്‍ക്കാര്‍ ആശുപത്രികളും 54 അംഗീകൃത സ്വകാര്യ ആശുപത്രികളുമാണ് സംസ്ഥാനത്തുള്ളത്.
2018-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന് സംസ്‌കൃത ഭാഷയുടെ ഉന്നമനമായിരുന്നു . ജന്മപത്രി നാംകരണ്‍ യോജന പദ്ധതിയിലൂടെ കുറച്ചെങ്കിലും അതിന് സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ജനുവരി മൂന്നിന് ചേര്‍ന്ന യോഗത്തിലാണ് ഇത്തരമൊരു ആശയം ജഗദ്ഗുരു രാമാനന്ദാചാര്യ രാജസ്ഥാന്‍ സംസ്‌കൃത സര്‍വകലാശാല മുന്നോട്ട് വച്ചത്.
ശിശുക്കളുടെ ജനന സമയം കണാക്കാക്കുന്നതിനായി ആശുപത്രികളില്‍ ജ്യോതിഷികളെ നിയമിക്കും. ജ്യോതിഷത്തില്‍ ബിരുദമോ, ഡിപ്ലോമയോ ഉള്ള, സര്‍ക്കാരിന്റെ അംഗീകാരം നേടിയവരെയാണ് നിയമിക്കേണ്ടതെന്ന് സര്‍വകലാശാല യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിലൂടെ 3,000ത്തോളം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
പദ്ധതി പ്രകാരം ഒരു കുട്ടിയുടെ ജനന സമയം ഗണിക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ 40 രൂപയും സ്വകാര്യ ആശുപത്രികളില്‍ 80 രൂപയും ജ്യോതിഷിക്ക് പ്രതിഫലമായി നല്‍കും. പദ്ധതിയില്‍ സംസ്‌കൃത സര്‍വകലാശാലയുടെ മേല്‍നോട്ടവുമുണ്ടാകും. കുഞ്ഞിന്റെ ജനന സമയവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ നിന്നും മാതാപിതാക്കള്‍ക്ക് 200 രൂപയടച്ച് ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകും.
https://www.facebook.com/Malayalivartha