കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ്; കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിന്റെ കരാറിനെ അപേക്ഷിച്ച് എന്‍ഡിഎ സര്‍ക്കാര്‍ 2.86 ശതമാനം വില കുറച്ചു; വിവാദമായ റഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സി.എ.ജി റിപ്പോര്‍ട്ട് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചു

വിവാദമായ റഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സി.എ.ജി റിപ്പോര്‍ട്ട് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചു. 32 പേജുള്ള റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റാണ് നല്‍കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിന്റെ കരാറിനെ അപേക്ഷിച്ച് എന്‍ഡിഎ സര്‍ക്കാര്‍ 2.86 ശതമാനം വില കുറച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയില്‍വെച്ചത്. അതേസമയം വിമാനങ്ങളുടെ അന്തിമവില സംബന്ധിച്ച വിവരം റിപ്പോര്‍ട്ടിലില്ല . അടിസ്ഥാനവില 2.86 ശതമാനം കുറഞ്ഞെന്ന് മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ കരാര്‍ അനുസരിച്ച് വിമാനങ്ങള്‍ വേഗത്തില്‍ കിട്ടുമെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കരാറുമായി വലിയ അന്തരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്രഞ്ച് കമ്പനിയായ റഫാലിനേക്കാളും കുറഞ്ഞ വില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തില്ലെന്നും ഫ്രാന്‍സില്‍ നിര്‍മ്മിച്ച് ലഭ്യമാക്കുന്ന വിമാനങ്ങളില്‍ വില വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം വ്യക്തമാക്കി. ഏകപകഷീയമായ റിപ്പോര്‍ട്ടാണെന്ന് ആരോപിച്ച് പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ. ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കള്ളനായ കാവല്‍ക്കാരന്റെ ഓഡിറ്റര്‍ ജനറലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വിമാനങ്ങളുടെ വിലവിവരങ്ങളടക്കം ഒഴിവാക്കിയെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.
കരാറില്‍ പ്രതിരോധമന്ത്രാലയം ഫ്രഞ്ച് ഗവണ്‍മെന്റുമായി നടത്തിയ ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് സമാന്തരമായി പ്രധാനമന്ത്രിയുടെ ഓഫീസും ചര്‍ച്ച നടത്തിയെന്നും ഇത് കരാറിനെ ദുര്‍ബലപ്പെടുത്തുമെന്നും മുന്‍ പ്രതിരോധ സെക്രട്ടറി എഴുതിയ കുറിപ്പ് കഴിഞ്ഞയാഴ്ച പുറത്തായിരുന്നു. കരാറിലെ ബാങ്ക് ഗ്യാരണ്ടിയും മോദി സര്‍ക്കാര്‍ ഒഴിവാക്കി. അതുപോലെ അഴിമതിയുണ്ടായാല്‍ നടപടി സ്വീകരിക്കുന്നതിനുള്ള വകുപ്പും എടുത്ത് കളഞ്ഞു. ഇതെല്ലാം വലിയ അഴിമതിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അനില്‍ അംബാനിയെ സഹായിക്കുന്നതിന് വഴിവിട്ട രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടെന്നും അത് വഴി 30,000 കോടിയുടെ ഇടപാടില്‍ രാജ്യത്തിന് നഷ്ടം സംഭവിച്ചെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.
സി.എ.ജി റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ തെലുങ്കുദേശം പാര്‍ട്ടി എം.പിമാരും തൃണമൂല്‍ എം.പിമാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. ആന്ധ്രയ്ക്ക് പ്രത്യേകപദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ടി.ഡി.പി. എം.പിമാര്‍ പാര്‍ലമെന്റിന് മുന്‍പില്‍ ധര്‍ണ നടത്തിയത്. കേന്ദ്രസര്‍ക്കാരിനെതിരേയും മോദിക്കെതിരേയുമായിരുന്നു തൃണമൂല്‍ എം.പിമാരുടെ പ്രതിഷേധം. തൃണമൂല്‍ കോണ്‍ഗ്രസിനെ തര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിക്കുന്നെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം.
https://www.facebook.com/Malayalivartha