ഡല്‍ഹി കരോള്‍ ബാഗില്‍ ഹോട്ടലിനു തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ച എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളായ അമ്മയ്ക്കും മക്കള്‍ക്കും നാടിന്റെ അന്ത്യാഞ്ജലി

ഡല്‍ഹി കരോള്‍ ബാഗില്‍ ഹോട്ടലിനു തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ച എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളായ അമ്മയ്ക്കും മക്കള്‍ക്കും നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ച മൃതദേഹം ചടങ്ങുകള്‍ക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍നിന്നു വിമുക്തരാകാത്ത ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലി കണ്ണീരോടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. എറണാകുളം ചേരാനല്ലൂര്‍ രാമന്‍കര്‍ത്താ റോഡില്‍ പനേലില്‍ പരേതനായ ചന്ദ്രന്‍പിള്ളയുടെ ഭാര്യ നളിനിയമ്മ (84), മക്കളായ പി.സി. വിദ്യാസാഗര്‍ (59), പി.സി. ജയശ്രീ (53) എന്നിവരാണു ഡല്‍ഹി ദുരന്തത്തില്‍ മരിച്ചത്. രാവിലെ 8.15ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുന്പാശേരിയിലെത്തിച്ച മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 8.35 ഓടെ വിമാനത്താവളത്തിനു പുറത്തെത്തിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും ബന്ധുക്കളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
പ്രത്യേകം തയാറാക്കിയ ആംബുലന്‍സില്‍ ചേരാനെല്ലൂരിലെ തറവാട് വീട്ടിലേക്കാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ബന്ധുക്കള്‍ മുഴുവന്‍പേരും ഉച്ചയോടെ എത്തിച്ചേര്‍ന്നശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. നളിനിയമ്മയുടെയും വിദ്യാസാഗറിന്റെയും സംസ്‌കാരം ഉച്ചയോടെ വീട്ടുവളപ്പില്‍ നടത്തി. ജയശ്രീയുടെ മൃതദേഹം ചോറ്റാനിക്കരയിലെ വീട്ടിലെത്തിച്ചു സംസ്‌കരിച്ചു.
L
https://www.facebook.com/Malayalivartha