അലിഗഡ് മുസ്ലിം സർവകലാശാലയിലെ മുഹമ്മദലി ജിന്നയുടെ ഛായാചിത്രം പാക്കിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് ബിജെപി എംപി സതീഷ് കുമാർ ഗൗതം

അലിഗഡ് മുസ്ലിം സർവകലാശാലയിലെ മുഹമ്മദലി ജിന്നയുടെ ഛായാചിത്രം പാക്കിസ്ഥാനിലേക്ക് അയയ്ക്കുന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് അലിഗഡിൽനിന്നു വിജയിച്ച ബിജെപി എംപി സതീഷ് കുമാർ ഗൗതം. ഈ ഛായാചിത്രം സർവകലാശാലയിലെ മുറിക്കുള്ളിൽ പൂട്ടിവച്ചിരിക്കുകയാണെന്നും എംപി പറഞ്ഞു.
പ്രതിപക്ഷ മഹാസഖ്യത്തിൽ ബിഎസ്പിക്കു വേണ്ടി മത്സരിച്ച അജിത് ബല്യാനെയും കോണ്‍ഗ്രസിന്റെ മുൻ എംപി ബ്രിജേന്ദർ സിംഗിനെയും വീഴ്ത്തിയാണ് ഗൗതം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
പാക്കിസ്ഥാൻ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രം അലിഗഡ് മുസ്ലിം സർവകലാശാലയെ നേരത്തെ സംഘർഷഭൂമിയാക്കിയിരുന്നു. മുഹമ്മദലി ജിന്നയുടെ ചിത്രം സർവകലാശാല വിദ്യാർഥി യൂണിയൻ ഹാളിൽനിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥലം എംപിയായ സതീഷ് കുമാർ ഗൗതം സർവകലാശാല വൈസ് ചാൻസലർ താരിഖ് മൻസൂറിന് അയച്ച ഒരു കത്താണ് പ്രശ്നങ്ങൾക്കു കാരണമായത്.
ജിന്നയുടെ ചിത്രം നീക്കണമെന്ന ആവശ്യവുമായി ഹിന്ദു യുവവാഹിനി പ്രവർത്തകർ ക്യാന്പസിൽ എത്തി. ഇതോടെ കാര്യങ്ങൾ വഷളായി. സംഘർഷത്തിൽ 41 വിദ്യാർഥികൾക്ക് പരുക്കേറ്റു. സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലാലയം കലാപാന്തരീക്ഷത്തിലായി. 1938-ലാണ് ജിന്നയുടെ ചിത്രം സർവകലാശാലയുടെ ചുമരിൽ ഇടംപിടിക്കുന്നത്.
https://www.facebook.com/Malayalivartha