സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം; മൂന്നു പേർ പിടിയിൽ

ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിലായി. പ്രതികളിൽ രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
അമേഠിയിലെ മുൻ ഗ്രാമത്തലവനും സ്മൃതി ഇറാനിയുടെ പ്രചരണത്തിൽ സജീവമായി പങ്കെടുത്ത ആളുമായ സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. പ്രദേശവാസികളിൽ ചിലർക്കുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് ബിജെപി പ്രവർത്തകനായ സുരേന്ദ്ര സിംഗിനു വെടിയേൽക്കുന്നത്. ബറൗലയിലെ വീടിന്റെ വരാന്തയിൽ കിടന്നുറ ങ്ങുമ്പോഴായിരുന്നു സംഭവം. ഉടൻതന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുൻ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ബിജെപി നേതാവ് മനോഹർ പരീക്കർ ദത്തെടുത്തിരുന്ന ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിംഗ്. സ്മൃതി ഇറാനിക്കു വേണ്ടി പ്രവർത്തിക്കുന്നതിനായാണ് സുരേന്ദ്ര സിംഗ് ഗ്രാമത്തലവന്റെ പദവി ഒഴിഞ്ഞത്. രാഹുൽ ഗാന്ധിയെ അമേഠിയിൽ പരാജയപ്പെടുത്തിയതിൽ സുരേന്ദ്ര സിംഗ് നിർണായക പങ്ക് വഹിച്ചിരുന്നു. പൊതുയോഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ബിജെപി നേതൃത്വത്തിന്റെ ഉൾപ്പെടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























