നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എന്‍.ഡി.എ. മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും, രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്നവേദിയില്‍ വൈകുന്നേരം ഏഴിനാണ് ചടങ്ങ്, പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എന്‍.ഡി.എ. മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്നവേദിയില്‍ വൈകീട്ട് ഏഴിനാണ് ചടങ്ങ്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. ബിംസ്‌റ്റെക് രാഷ്ട്രത്തലവന്മാരടക്കമുള്ള വിദേശപ്രതിനിധികള്‍ ചടങ്ങിനെത്തും. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും തിരഞ്ഞെടുപ്പുപരാജയത്തെത്തുടര്‍ന്ന് പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും. ഒട്ടേറെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ എത്തും.
എന്നാല്‍, നേരത്തേ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ടുനില്‍ക്കും. സംസ്ഥാനത്ത് തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞയില്‍ പങ്കെടുപ്പിക്കാനുള്ള ബി.ജെ.പി. നീക്കത്തില്‍ പ്രതിഷേധിച്ചാണിത്. മന്ത്രിമാരുടെ പേരുകള്‍ വ്യാഴാഴ്ച രാവിലെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്കൊപ്പം പുതുമുഖങ്ങളും യുവാക്കളും ഇടംപിടിക്കും. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ച അരുണ്‍ ജെയ്റ്റ്‌ലിയെ പ്രധാനമന്ത്രി രാത്രിയില്‍ വീട്ടിലെത്തി കണ്ടത് തുടരണമെന്ന് അഭ്യര്‍ഥിക്കാനാണെന്ന് അഭ്യൂഹമുണ്ട്. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ ചേരുമോയെന്നതാണ് ഏറ്റവും ആകാംക്ഷയുള്ള വിഷയം. ആഭ്യന്തരവകുപ്പോടെ ഷാ മന്ത്രിസഭയിലെ രണ്ടാമനാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍, പാര്‍ട്ടിയധ്യക്ഷപദവിയില്‍ തുടരാനുള്ള താത്പര്യം അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന. മന്ത്രിമാരെ സംബന്ധിച്ച് രണ്ടുദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും തമ്മില്‍ മാരത്തണ്‍ ചര്‍ച്ച നടത്തിവരുകയാണ്. ആര്‍.എസ്.എസുമായും ചര്‍ച്ച നടത്തി. കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍, രവിശങ്കര്‍പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, സുരേഷ് പ്രഭു, പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, നരേന്ദ്രസിങ് തോമര്‍, ജുവല്‍ ഓറം, സ്മൃതി ഇറാനി തുടങ്ങിയവര്‍ പുതിയ മന്ത്രിസഭയിലും തുടര്‍ന്നേക്കും. ജെയ്റ്റ്‌ലി തുടരുന്നില്ലെങ്കില്‍ പീയൂഷ് ഗോയല്‍ ആവും ധനമന്ത്രി. ആരോഗ്യപ്രശ്‌നങ്ങള്‍മൂലം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്ന സുഷമാ സ്വരാജ് മന്ത്രിസഭയില്‍ ഉണ്ടാകുമോയെന്നും വ്യക്തമല്ല. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സുഷമ തുടരണമെന്ന് പ്രധാനമന്ത്രി തീരുമാനിച്ചാല്‍ രാജ്യസഭവഴി സുഷമയെ പാര്‍ലമെന്റിലെത്തിക്കും.
പുതിയ ഇന്ത്യ എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന രണ്ടാംമോദിസര്‍ക്കാരില്‍ പുതുമുഖ മന്ത്രിമാരുടെ വ്യക്തമായ സാന്നിധ്യമുണ്ടാകും. ഏറ്റവും കൂടുതല്‍ വനിതാ എം.പി.മാര്‍ വിജയിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ വനിതാമന്ത്രിമാര്‍ക്കും സാധ്യതയുണ്ട്. ബി.ജെ.പി.ക്ക് അപ്രതീക്ഷിത മുന്നേറ്റം നേടിക്കൊടുത്ത ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യമുണ്ടാകും. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാണ, ഡല്‍ഹി സംസ്ഥാനങ്ങള്‍ക്കും മെച്ചപ്പെട്ട സാന്നിധ്യമുണ്ടാകും. കേരളവും പ്രതീക്ഷയോടെയാണ് രണ്ടാംമന്ത്രിസഭയിലേക്ക് ഉറ്റുനോക്കുന്നത്.
"
https://www.facebook.com/Malayalivartha


























