തെരഞ്ഞെടുപ്പ് ചട്ടലംഘനം: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ഒരു വര്‍ഷം തടവ്

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘന കേസില്‍ കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയെ ഒരു വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. ഉത്തര്‍പ്രദേശിലെ രാംപൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിനു പുറമേ നഖ്‌വി 4,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതേതുടര്‍ന്ന് നഖ്‌വിയെയും 19 കൂട്ടുപ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് ഡിവിഷന്‍ ബഞ്ച് ജാമ്യത്തില്‍ വിട്ടയച്ചു.
2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന കേസിലാണ് നഖ്‌വിക്കും കൂട്ടര്‍ക്കും ശിക്ഷ ലഭിച്ചത്. കേസിലെ വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ നഖ്‌വിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിധിക്ക് പിന്നാലെ കോടതിക്ക് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
2009-ല്‍ രാംപൂര്‍ നിയമസഭാ മണ്ഡലത്തിലെ പട്‌വായില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനിടെ നഖ്‌വിയും അനുയായികളും ചട്ടം ലംഘിച്ച് പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി പ്രകടനം നടത്തിയെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് നഖ്‌വിക്കും കൂട്ടാളികള്‍ക്കുമെതിരേ പട്‌വായ് പോലീസ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി സംഘംചേര്‍ന്നതിനടക്കം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നഖ്‌വിക്കെതിരേ കേസെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























