യമുനാ നദിയിലേക്കു മാലിന്യം എറിഞ്ഞാല്‍ ഇനി 5000 രൂപ പിഴ

യമുനാ നദിയിലേക്കു പൂജാവസ്തുക്കളും മാലിന്യവും എറിഞ്ഞാല്‍ ഇനി 5000 രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഉത്തരവു പുറപ്പെടുവിച്ചത്.യമുന ശുദ്ധീകരണത്തിന് 27 ഇന കര്‍മപദ്ധതിക്കു ട്രൈബ്യൂണല്‍ രൂപംനല്‍കി.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കെട്ടിടാവശിഷ്ടങ്ങള്‍ നദിക്കരയില്‍ തള്ളുന്നവര്‍ക്ക് 50,000 രൂപ പിഴ ചുമത്താനും ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. നദിക്കരയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നു റിയല്‍ എസ്‌റ്റേറ്റ് സംഘങ്ങളെ ട്രൈബ്യൂണല്‍ വിലക്കി. ഡല്‍ഹി ബജറ്റില്‍ നിന്നു 4000 കോടി രൂപ കര്‍മപദ്ധതി നടപ്പാക്കുന്നതിനു നീക്കിവയ്ക്കണം.
കര്‍മപദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കാന്‍ പ്രിന്‍സിപ്പല്‍ സമിതിക്കു ട്രൈബ്യൂണല്‍ രൂപംനല്‍കി. വനം, പരിസ്ഥിതി മന്ത്രാലയം സ്‌പെഷല്‍ സെക്രട്ടറി, ജലവകുപ്പ് ജോയിന്റ് സെക്രട്ടറി, ഡല്‍ഹി, ഹരിയാന, യുപി, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിമാര്‍, ഡല്‍ഹി വികസന അതോറിറ്റി ഉപാധ്യക്ഷന്‍ എന്നിവരാണു സമിതി അംഗങ്ങള്‍.
നദീ ശുചീകരണം ലക്ഷ്യമിട്ട് 1993ല്‍ ജപ്പാന്റെ സഹകരണത്തോടെ അവതരിപ്പിച്ച പദ്ധതി കാര്യമായ പുരോഗതി കൈവരിക്കാത്തതു ചോദ്യംചെയ്ത് മനോജ് മിശ്ര എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണു ട്രൈബ്യൂണല്‍ പരിഗണിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























