അധികാരം പിടിക്കാനുള്ള അടവുകള്‍ കര്‍ണാടകയില്‍ തുടരുന്നു... അവസാനത്തെ അടവായി രാജി നല്‍കിയ വിമത എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു

അധികാരം പിടിക്കാനുള്ള അടവുകള്‍ കര്‍ണാടകയില്‍ തുടരുന്നു. അവസാനത്തെ അടവായി രാജി നല്‍കിയ വിമത എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് നാളെ കോടതി പരിഗണിച്ചേക്കും. സ്പീക്കര്‍ തങ്ങളുടെ രാജി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. ഇവരുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്ര പൊലീസ് തടഞ്ഞു. മുംബയിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത ശേഷമാണ് അദ്ദേഹം രാവിലെ എത്തിയത്. എന്നാല്‍ പൊലീസ് ഇടപെട്ട് ബുക്കിംഗ് ക്യാന്‍സലാക്കിയെന്ന് ശിവകുമാര്‍ ആരോപിച്ചു. ഹോട്ടലിന് ചുറ്റുമുള്ള 500 മീറ്ററില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് അവര്‍ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ പൊലീസ് തന്നെതടഞ്ഞതെന്ന് ശിവകുമാര്‍ ആരോപിച്ചു. ബുക്കിംഗ് റദ്ദാക്കിയെന്ന് റിനൈസന്‍സ് ഹോട്ടല്‍ അധികൃതരാണ് തന്നെ അറിയിച്ചതെന്നും അടിയന്തരസാഹചര്യം കണക്കിലെടുത്താണെന്നും അവര്‍ പറഞ്ഞതായി ശിവകുമാര്‍ പറഞ്ഞു.
മുംബയ് പൊലീസ് തന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് ശിവകുമാര്‍ പറഞ്ഞു. തങ്ങളുടെ രാജി സ്പീക്കര്‍ അംഗീകരിക്കുന്നില്ലെന്ന് വിമതര്‍ പറഞ്ഞു. വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ ശിവകുമാര്‍ എത്തിയതോടെ ഗോ ബാക്ക് വിളികളുമായി ബി.ജെ.പി പ്രവര്‍ത്തകരെത്തി. ഇതോടെ സംഘര്‍ഷ സമാനമായ സാഹചര്യം ഉണ്ടായി. ഇതോടെയാണ് പൊലീസ് ഇടപെട്ടത്. അവസാനവട്ട അനുനയം എന്ന നിലയ്ക്കാണ് ഡി.കെ ശിവകുമാര്‍ മുംബയില്‍ എത്തിയത്. കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയാണെന്നും എം.എല്‍.എമാര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ കൈവശമാണെന്നും കര്‍ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. ജെ.ഡി.എസ് നേതാവ് ശിവലിംഗ ഗൗഡയും മുംബയിലെത്തിയിട്ടുണ്ട്.
നാളെ സുപ്രീംകോടതിയില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എം.എല്‍.എമാരെ രാജിവയ്ക്കാന്‍ സ്പീക്കര്‍ അനുവദിക്കണമെന്ന് അവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രതിസന്ധിയായതിനാല്‍ കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. അത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അംഗീകരിച്ചു. അതേസമയം എം.എല്‍.എമാരെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഡി.കെ ശിവകുമാര്‍. ഒമ്പത് എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന് സിദ്ധരാമയ്യ മുന്നറിയിപ്പ് നല്‍കിയിട്ട് പോലും അവര്‍ വഴങ്ങാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ വീഴുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കം ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു. തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടെന്ന് കാട്ടി യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടേക്കും.
രാജി കത്ത് നല്‍കിയ തങ്ങളെ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നെന്ന് കാണിച്ച് എം.എല്‍.എമാര്‍ നല്‍കിയ കത്തും ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് അറിയുന്നത്. സംഭവം സുപ്രീംകോടതിയില്‍ വരെ എത്തിയതോടെ ഗവര്‍ണര്‍ പെട്ടെന്ന് തീരുമാനം എടുക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കുമാരസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന തീരുമാനം അതിനാല്‍ സുപ്രീംകോടതി വിധിക്ക് ശേഷമായിരിക്കും ഉണ്ടാവുക എന്നറിയുന്നു. എം.എല്‍.എമാരെ രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എമാര്‍ കര്‍ണാടക വിധാന്‍സൗധക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുകയാണ്. കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസും അറിയിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാനും നിലനിര്‍ത്താനുമുള്ള പോരാട്ടമാണെങ്കിലും ഫലത്തിലിത് ബി.ജെ.പി - കോണ്‍ഗ്രസ് പോരായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























