രാഹുലിന് ഇരിപ്പിടമില്ല; ലോക്‌സഭയില്‍ മുന്‍നിരയില്‍ ഇരിപ്പിടം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ അവഗണിച്ചതായി പരാതി

ലോക്‌സഭയില്‍ മുന്‍നിരയില്‍ ഇരിപ്പിടം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ അവഗണിച്ചതായി പരാതി. രാഹുല്‍ ഗാന്ധിക്ക് വേണ്ടി പാര്‍ലമെന്റിലെ മുന്‍ നിരയില്‍ തന്നെ സീറ്റ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നിഷേധിച്ചതായാണ് ആരോപണം. എന്നാല്‍ സീറ്റ് ആവശ്യപ്പെട്ടെന്ന കാര്യം ശരിയല്ലെന്നാണ് ഔദ്യോഗികമായി കോണ്‍ഗ്രസ് വിശദീകരിക്കുന്നു.
നേരത്തെ, സോണിയാ ഗാന്ധിക്കൊപ്പം മുന്‍നിരയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം. എന്നാല്‍, പുതിയ ക്രമപ്രകാരം ലോക്‌സഭാ കക്ഷിനേതാവ് ആധിര്‍രഞ്ജന്‍ ചൗധരിക്കും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കും ആണ് മുന്‍നിരയില്‍ ഇരിപ്പിടം ഉള്ളത്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി മുന്‍നിരയില്‍ കോണ്‍ഗ്രസ് ഇരിപ്പിടം ആവശ്യപ്പെട്ടത് സര്‍ക്കാര്‍ നിഷേധിക്കപ്പെട്ടതോടെ അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.
നാല് സീറ്റ് കോണ്‍ഗ്രസ് മുന്‍നിരയില്‍ ആവശ്യപ്പെട്ടിരുന്നു എന്ന് കൊടിക്കുന്നേല്‍ സുരേഷ് എംപി അടക്കമുള്ളവര്‍ വ്യക്തമാക്കി.യുപിഎ അധ്യക്ഷക്കും കക്ഷിനേതാക്കള്‍ക്കുമായാണ് ഇരിപ്പിടം ആവശ്യപ്പെട്ടത്. നാല് സീറ്റ് അനുവദിച്ചിരുന്നെങ്കില്‍ മുന്‍നിരയില്‍ തന്നെ രാഹുല്‍ ഇരുന്നേനെ എന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി അമേഠിയിൽ എത്തി. ലക്നൗ എയർപോർട്ടിൽ വിമാനമിറങ്ങിയ രാഹുലിന് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. മരണപ്പെട്ട മുന്‍ ബ്ലോക്ക് പ്രസിഡന്റ് ദ്വിന്‍ദ പ്രസാദ് ദ്വിവേദിയുടെ കുടുംബത്തെയും സന്ദര്‍ശിക്കുന്ന രാഹുൽ ഗാന്ധി ഗൗരിഗഞ്ച് നിര്‍മ്മല ഇന്‍സ്റ്റിട്ട്യൂട്ടില്‍ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും. ഒന്നര പതിറ്റാണ്ടു കാലം അമേഠിയിൽ എംപിയായിരുന്ന രാഹുൽ ഇത്തവണ സ്മൃതി ഇറാനിയോട് 52000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
കഴിഞ്ഞ ആഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ഗാന്ധി ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ ഉടനെങ്ങും അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിരാശയിലാണ് കോണ്‍ഗ്രസ് നേതൃത്വവും അണികളും. തുടര്‍ച്ചയായി രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും അമ്പേ പരാജയപ്പെടുകയും പ്രധാന പ്രതിപക്ഷ പദവി പോലും നഷ്ടപ്പെടുകയും ചെയ്ത കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധികൂടി പിന്മാറിയതോടെ ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്ന നിലയിലേക്കെത്തിയിരിക്കുകയാണ് നേതാക്കള്‍ പലരും.
https://www.facebook.com/Malayalivartha


























