അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; കശ്മീരില്‍ ലേ ജില്ലയിലെ ഡംചോക് മേഖലയില്‍ ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മണ്ണില്‍ കടന്നതായി റിപ്പോര്‍ട്ട്

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം നടന്നതായി റിപ്പോർട്ട്. കശ്മീരില്‍ ലേ ജില്ലയിലെ ഡംചോക് മേഖലയിലാണ് ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മണ്ണില്‍ കടന്നതായി റിപ്പോര്‍ട്ട് പുറത്തു വരുന്നത്. കഴിഞ്ഞ ശനിയാഴ്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആറു കിലോ മീറ്ററോളം കടന്നു കയറി ചൈനീസ് പതാക പ്രദര്‍ശിപ്പിച്ചതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ലേ ഹില്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ റിഗ്സിന് സ്പല്‍ബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡംചോക്, കോയുള്‍, ഡുങ്തി മേഖലയിലാണ് ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ചത്. ദലൈ ലാമയുടെ പിറന്നാള്‍ ദിനമായ ജൂലൈ ആറിന് ബുദ്ധമതസ്ഥരുടെ പതാകയും ദേശീയ പതാകയുമേന്തി ജനങ്ങള്‍ മേഖലയില്‍ ഒത്തുചേര്‍ന്നിരുന്നു. ഇതാണ് ചൈനീസ് പട്ടാളത്തെ പ്രകോപിപ്പിച്ചത് എന്നാണ് വിലയിരുത്തൽ.
ചൈനീസ് പട്ടാളം ഇന്ത്യന്‍ മണ്ണില്‍ അവരുടെ പതാകയേന്തി നില്ക്കുന്ന ചിത്രവും വീഡിയോയും ഒരു പെണ്‍കുട്ടിയാണ് നല്‍കിയതെന്ന് സ്പല്‍ബര്‍ പറഞ്ഞു. കുറച്ച് കാലമായി ചൈനീസ് പട്ടാളം ഈ മേഖലയില്‍ കടന്നു കയറുന്നത് പതിവാണ്. അവര്‍ നമ്മുടെ മണ്ണ് കൈയടക്കിക്കൊണ്ടിരിക്കുകയാണ്- റിഗ്സിന് സ്പല്‍ബര്‍ പറഞ്ഞു.
ചൈനീസ് പട്ടാളം 2014-ല്‍ അതിര്‍ത്തി ലംഘിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ഡോക്ലാമില് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന്റെ വക്കില്‍ വരെ എത്തിയ സംഭവമായിരുന്നു അത്.
അതേസമയം നിയന്ത്രണരേഖയില്‍ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. ഇന്ന് രാവിലെ എട്ടോടെ പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി, മൻകോട്ട സെക്ടറുകളിലാണ് പാക് സേന ആക്രമണം നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലിംഗിന് പുറമെ തോക്കുകള്‍ ഉപയോഗിച്ചുമാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്നാം തവണയാണ് പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തുന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
അതേസമയം ബാലകോട്ടെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്ക്കെതിരായ തന്ത്രങ്ങളില്‍ പാകിസ്താന് മാറ്റം വരുത്തുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ഭീകരസംഘടനകളുമായി ഐഎസ്ഐ കൂട്ടുകൂടാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം.
ബാലകോട്ട് ആക്രമണത്തിന് പിന്നാലെ പാകിസ്താന് മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ കരിമ്പട്ടികയില്‍ പാകിസ്താന് ഉള്‍പ്പെടാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തതോടെ ലഷ്കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന് മുഖംമിനുക്കല്‍ നടപടികളെടുത്തിരുന്നു. ഇതിന്റെ മറവിലാണ് പുതിയ കൂട്ടുകെട്ടുകള്‍ക്ക് ഐഎസ്ഐ തയ്യാറാകുന്നത്.
നിലവില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറിവരുന്നതാണ് നിലപാടുകള്‍ക്ക് കാരണമെന്നും സാഹചര്യം അനുകൂലമായാല്‍ വലിയ തോതില്‍ ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാനാണ് പാകിസ്താന്റെ ലക്ഷ്യമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നു.
https://www.facebook.com/Malayalivartha


























