പാകിസ്ഥാന്‍ ഓരോതവണയും നിഴല്‍ യുദ്ധത്തിലൂടെയും ഭീകരവാദികളെ ഉപയോഗിച്ചും അനര്‍ത്ഥം വിളിച്ചുവരുത്തുന്നു; പാകിസ്ഥാനെതിരെ ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്ത്. പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനര്‍ത്ഥം ഉണ്ടായാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ശിക്ഷാ നടപടി തീര്‍ച്ചയായും ഉണ്ടാവുമെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി.
പാകിസ്ഥാന്‍ ഓരോതവണയും നിഴല്‍ യുദ്ധത്തിലൂടെയും ഭീകരവാദികളെ ഉപയോഗിച്ചും അനര്‍ത്ഥം വിളിച്ചുവരുത്തുന്നു. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ സൈന്യം അചഞ്ചലമായി നിലകൊള്ളും. അതിനാല്‍ എന്തെങ്കിലും തെറ്റുകള്‍ കാണിച്ചാല്‍ അതിന് ശിക്ഷാ നടപടി ഉറപ്പായുമുണ്ടാകുമെന്നും കരസേനാ മേധാവി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് കരസേനാ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയില്‍ സംഘര്‍ഷമുണ്ടാവുകയാണെങ്കില്‍ അത് കൂടുതല്‍ അക്രമാസക്തമാകമെന്നും അത് പ്രവചനാതീതമാകുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. എന്നാല്‍ മനുഷ്യരുടെ പ്രധാന്യം ഒട്ടും കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സൈനികര്‍ക്ക് തന്നെയാകും എപ്പോഴും പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയന്ത്രണരേഖ മറികടന്ന് ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന വാര്‍ത്തകള്‍ കരസേനാ മേധാവി നിഷേധിച്ചു. അതിക്രമിച്ച് കടക്കല്‍ ഉണ്ടായിട്ടില്ലെന്നും നിയന്ത്രണരേഖയ്ക്ക് സമീപം വരെ അവര്‍ എത്തിയെങ്കിലും നമ്മള്‍ അവരെ തടഞ്ഞെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ആ സമയത്ത് ഇന്ത്യയുടെ ഭാഗത്ത ഡെംചോക്കില്‍ ടിബറ്റുകാര്‍ പ്രദേശികമായി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇത് കണ്ടാണ് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ചൈനീസ് സൈന്യം അടുത്തേക്ക് വന്നത്. അല്ലാതെ അതിക്രമിച്ച് കടക്കല്‍ നടന്നിട്ടില്ലെന്നും എല്ലാം സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ ആറിനാണ് ചൈനീസ് സൈന്യം അതിര്‍ത്തി കടന്ന സംഭവം നടന്നത്. ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ ചിലര്‍ ടിബറ്റന്‍ പതാക ഉയര്‍ത്തിയതാണ് ചൈനീസ് സൈന്യത്തെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആറു കിലോ മീറ്ററോളം കടന്നു കയറി ചൈനീസ് പതാക പ്രദര്‍ശിപ്പിച്ചതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ലേ ഹില്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ റിഗ്‌സിന്‍ സ്പല്‍ബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചൈനീസ് പട്ടാളം 2014-ല്‍ അതിര്‍ത്തി ലംഘിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ഡോക്ലാമില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന്റെ വക്കില്‍ വരെ എത്തിയ സംഭവമായിരുന്നു അത്.
അതേസമയം നിയന്ത്രണരേഖയില്‍ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി, മൻകോട്ട സെക്ടറുകളിലാണ് പാക് സേന ആക്രമണം നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലിംഗിന് പുറമെ തോക്കുകള്‍ ഉപയോഗിച്ചുമാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്നാം തവണയാണ് പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തുന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
https://www.facebook.com/Malayalivartha


























