24 മണിക്കൂര്‍ നീണ്ട പോരാട്ടം; 24 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവില്‍ പ്രിയങ്ക ഗാന്ധിയുടെ ആവശ്യത്തിന് മുന്നിൽ വഴങ്ങി അധികൃതര്‍; സോന്‍ഭദ്രയില്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പ്രിയങ്ക ഗാന്ധിക്ക് കാണാന്‍ അവസരം നല്‍കി

24 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവില്‍ പ്രിയങ്ക ഗാന്ധിയുടെ ആവശ്യത്തിന് മുന്നിൽ വഴങ്ങി അധികൃതര്‍. സോന്‍ഭദ്രയില്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പ്രിയങ്ക ഗാന്ധിക്ക് കാണാന്‍ അവസരം നല്‍കി. ഇന്നലെ സോന്‍ഭദ്രയിലേക്കുള്ള യാത്രാമധ്യേ പോലീസ് അവരെ വഴിയില്‍ തടയുകയായിരുന്നു. അതോടെ പ്രിയങ്ക കുത്തിയിരിപ്പ് സമരം തുടങ്ങി. ഒടുവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചുനാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. അവിടെയും കുത്തിയിരിപ്പ് തുടര്‍ന്നു.
രാത്രിയിലും സമവയാചര്‍ച്ചകളുമായി ഉദ്യോഗസ്ഥരെത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതിനിടയില്‍ വെള്ളവും വൈദ്യുതിയും അടക്കം ഗസ്റ്റ് ഹൗസില്‍ നിഷേധിച്ചുവെന്ന ആരോപണവും കോണ്‍ഗ്രസ് ശക്തമാക്കി.. ഒടുവില്‍ ഇന്ന് രാവിലെ ബന്ധുക്കളെ മിര്‍സാപുരിലെത്തിച്ച് കാണാന്‍ അവസരമുണ്ടാക്കാമെന്ന് അറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ കുറച്ച് പേരെ മാത്രമാണ് തന്നെ കാണാന്‍ അനുവദിച്ചിട്ടുള്ളവെന്നും ബാക്കിയുള്ളവരെ കാണാന്‍ അനുവദിച്ചിട്ടില്ലെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
വെടിവെപ്പില്‍ പരിക്കേറ്റവരെ വരാണസിയിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി സോന്‍ഭദ്രയിലേക്ക് തിരിച്ചത്. എന്നാല്‍ പ്രിയങ്ക ഇവിടേക്ക് എത്തുന്നതിന് തൊട്ടുമുമ്പായി സോന്‍ഭദ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അവരെ മിര്‍സാപുരില്‍ വെച്ച് തടയുകയുമായിരുന്നു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ വാഹനത്തിലാണ് ഇവരെ മിര്‍സാപുരിലെ ചുനാര്‍ ഗസ്റ്റ്ഹൗസിലേക്കു മാറ്റിയത്.
വെള്ളിയാഴ്ച രാവിലെയാണ് പ്രിയങ്ക ഗാന്ധി വാരണാസിയിലെത്തിയത്. ഭൂമിത്തര്‍ക്കത്തെത്തുടര്‍ന്ന് ഗ്രാമത്തലവെന്‍റ നേതൃത്വത്തിലെ സംഘം വെടിവെപ്പില്‍ മൂന്നു സ്ത്രീകളടക്കം പത്ത് ഗ്രാമീണരാണ് സോനേബാന്ദ്രയില്‍ കൊല്ലപ്പെട്ടത്.
യഗ്യ ദത്തെന്ന ഗ്രാമമുഖ്യന്‍ രണ്ടു വര്‍ഷംമുമ്പ് വാങ്ങിയ 36 ഏക്കര്‍ ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഗ്രാമത്തലവനും സംഘവും സ്ഥലത്ത് ട്രാക്ടറുകളുമായി എത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാമമുഖ്യന്‍ വാങ്ങിയ സ്ഥലത്തെച്ചൊല്ലി നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. നാട്ടുകാര്‍ തന്റെ സ്ഥലം കൈയ്യേറിയെന്ന് ഗ്രാമമുഖ്യന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുവിഭാഗങ്ങളോടും പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടവും തുടങ്ങിവച്ചിരുന്നു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കാന്‍ അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ സോന്‍ഭദ്രയിലേക്ക് തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ സംഘത്തെ വരാണസി വിമാത്താളത്തില്‍ തടഞ്ഞുവെക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് ഇവര്‍ വിമാനത്താളത്തിലിരുന്ന് പ്രതിഷേധിക്കുകയാണ്. ബിഎസ്പി നേതാവ് മായാവതിയും പ്രവര്‍ത്തകരോട് സോന്‍ഭദ്രയിലേക്ക് പോയി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
സോന്‍ഭദ്ര ജില്ലയില്‍ ഉഭ ഗ്രാമത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മൂന്നു സ്ത്രീകളുള്‍പ്പെടെ 10 പേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇതോടുകൂടി ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ പത്ത് പേരെ വെടിവെച്ചുകൊന്ന സംഭവം രാഷ്ട്രീയ ചര്‍ച്ചയായി മാറുന്നുകയാണ്.
https://www.facebook.com/Malayalivartha























