മയിലുകളെ വേട്ടയാടിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

മയിലുകളെ വേട്ടയാടിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശില്‍ നീമുച്ച് ജില്ലയില്‍ അത്രി ഗ്രാമത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. ഹിരലാല്‍ ബന്‍ചാദ എന്നയാളാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
ആടിനെ കടത്തിയെന്നാരോപിച്ച് രണ്ടു ദിവസത്തിനു മുമ്പ് മൂന്നു പേരെ ജനക്കൂട്ടം മര്‍ദ്ദനത്തിനിരയാക്കിയത് ഇതേ ജില്ലയില്‍ ആയിരുന്നു. അതിന്റെ ഞെട്ടലില്‍ നിന്നും രാജ്യം മുക്തമാകുന്നതിന് മുമ്പാണ് ഞെട്ടിക്കുന്ന അടുത്ത സംഭവം ഉണ്ടായിരിക്കുന്നത്.
മധ്യപ്രദേശില്‍ നിന്ന് ഏകദേശം മൂന്നോളം ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവം കണ്ട ചിലര്‍ പോലീസിനെ വിളിച്ച് വിവരം പറഞ്ഞതോടെ പോലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. ക്രൂരമര്‍ദ്ദനമേറ്റ ആളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പത്തംഗ സംഘത്തില്‍ ഒന്‍പതു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ദേശീയ മൃഗമായ മയിലുകളെ വേട്ടയാടിയെന്ന കുറ്റത്തിന് മരണത്തിന് ഇരയായ ആളുടെ മകനും മറ്റ് രണ്ടുപേര്‍ക്കുമെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മയിലുകളെ വേട്ടയാടുന്നതും കൊല്ലുന്നതും നിയമം കൊണ്ട് നിരോധിച്ചിരിക്കുന്നതാണ്. 1972-ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് അനുസരിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
https://www.facebook.com/Malayalivartha























