വെല്ലുവിളി ഏറ്റെടുത്ത് രാഹുൽ; ജനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും സൈനികരേയും കാണാനും അവരോട് സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കണം; ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗവര്‍ണര്‍ സത്യപാല്‍മാലിക്കിന്‍റെ ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി

ജമ്മുകശ്മീര്‍ സന്ദർശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗവര്‍ണര്‍ സത്യപാല്‍മാലിക്കിന്‍റെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. കശ്മീരിലെ ജനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും സൈനികരേയും കാണാനും അവരോട് സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന് രാഹുല്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. വിമാനം നല്‍കാമെന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് വേണ്ടെന്ന് രാഹുല്‍ ട്വീറ്റിലൂടെ മറുപടി നല്‍കി.
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിക്ക് ശേഷം ജമ്മുകശ്മീരില്‍ സംഘര്‍ഷം നടക്കുന്നുവെന്ന രാഹുലിന്‍റെ പ്രസ്താവനയ്ക്കെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. കശ്മീരില്‍ സംഘര്‍ഷമുണ്ടെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുലിന് കാര്യങ്ങള്‍ അറിയില്ലെന്ന് ഗവര്‍ണര്‍ ആഞ്ഞടിച്ചു. രാഹുലിനെപോലെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നെന്നും വിമാനം അയച്ചുതരാമെന്നും ഇവിടെയെത്തി സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം രാഹുല്‍ പ്രതികരിക്കണമെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
രാഹുല്‍ തന്റെ പാര്‍ട്ടിയിലെ നേതാവിന്റെ കാര്യത്തില്‍ നാണക്കേടിലായിരിക്കുകയാണ്. പാര്‍ലമെന്റില്‍ മണ്ടനെ പോലെയാണ് ആ നേതാവ് പെരുമാറിയതെന്നും ഗവര്‍ണര്‍ പരിഹസിച്ചു. ഞാന്‍ രാഹുലിനെ ക്ഷണിക്കുകയാണ് കശ്മീരിലേക്ക്. ഒപ്പം വിമാനവും അയക്കാം. ഇവിടെയുള്ള കാര്യങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കൂ. നിങ്ങള്‍ ഉത്തരവാദിത്തപ്പെട്ട വ്യക്തിയാണ്. ഒരിക്കലും ഇങ്ങനെ പറയാന്‍ പാടില്ലെന്നും മാലിക്ക് പറഞ്ഞു. കശ്മീരില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി അക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നുമാണ് രാഹുല്‍ ആവശ്യപ്പെട്ടത്. അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ വര്‍ഗീയപരമായ ഒരു കാര്യവുമില്ല. അത് എല്ലാവര്‍ക്കും വേണ്ടിയുള്ള തീരുമാനമാണ്. അത്തരം പ്രശ്‌നമേ വരുന്നില്ലെന്നും സത്യപാല്‍ മാലിക്ക് പറയുന്നു. അതേസമയം മുസ്ലീം ഭൂരിപക്ഷ പ്രദേശമായത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞിരുന്നു. വിദേശമാധ്യമങ്ങള്‍ ഇന്ത്യയെ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുകയാണ്. അവരെ ഇന്ത്യ താക്കീത് ചെയ്തിട്ടുണ്ട്. എല്ലാ ആശുപത്രികളും തുറന്നിരിക്കുകയാണ്. നിങ്ങളുടെ ശരീരത്തില്‍ വെടിയുണ്ടയേറ്റാല്‍ ചികിത്സിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. പക്ഷേ വെടി കൊള്ളുന്നുണ്ടെന്ന് ആദ്യം ഇത്തരക്കാര്‍ തെളിയിക്കട്ടെ. നാല് പേര്‍ക്ക് മാത്രമാണ് പരിക്കേറ്റത്. അത് അക്രമം കാരണമാണ്. എന്നാല്‍ ഗുരുതര പരിക്കില്ല. അതുകൊണ്ട് വിഷയം ഗൗരവമായി കാണുന്നില്ലെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു.
ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ ക്ഷണം രാഹുല്‍ സ്വീകരിച്ചത്. സന്ദര്‍ശനത്തിന്‍റെ തിയതിയോ മറ്റ് വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha
























