മുതിര്‍ന്ന താരങ്ങളും വാതുവെപ്പുകാരില്‍ നിന്ന് സമ്മാനങ്ങള്‍ കൈപ്പറ്റിയതായി ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ടീമിലെ ചില മുതിര്‍ന്ന താരങ്ങള്‍ വാതുവയ്‌പുകാരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചിരുന്നുവെന്ന് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ഡല്‍ഹി പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ശ്രീശാന്ത് ഇത്തരത്തില്‍ മൊഴി നല്‍കിയത്. ഹമ്മര്‍ ഉള്‍പ്പെടെയുള്ള അത്യാഡംബര കാറുകളും വിലകൂടിയ വാച്ചുകളും വാതുവയ്‌പുകാര്‍ താരങ്ങള്‍ക്ക് പാരിതോഷികമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഒത്തുകളിച്ചതായി തനിക്ക് അറിവില്ലെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. എന്നാല്‍ ആരൊക്കെയാണ് അതെന്ന് ശ്രീശാന്ത് വെളിപ്പെടുത്തിയിട്ടില്ല. ശ്രീശാന്തിന്റെ വെളിപ്പെടുത്തലുകളില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ മുംബൈയിലെ ഹോട്ടലില്‍ നിന്നും പിടിച്ചെടുത്ത ശ്രീശാന്തിന്റെ ലാപ്‌ടോപില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി മുംബൈ പോലീസ് വ്യക്തമാക്കി. ശ്രീശാന്തും ഇടനിലക്കാരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളും മറാഠ നടിയുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് പോലീസിന് ലഭിച്ചത്.
ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലാകുന്നതിനു മുമ്പു തന്നെ ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു പുറത്താക്കിയിരുന്നു. ടീം ഹോട്ടല്‍ ഒഴിയാന്‍ ശ്രീശാന്തിനോട് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ഒഴിവാക്കുന്നതിനു മുമ്പുതന്നെ ശ്രീയുമായുള്ള സാമ്പത്തിക ഇടപാട് പൂര്‍ത്തിയാക്കിയിരുന്നുവെന്നുമുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. മോശം പെരുമാറ്റം കാരണമാണ് ശ്രീശാന്തിനെ പുറത്താക്കിയതെന്നാണ് ടീം മാനേജ്‌മെന്റ് അറിയിച്ചത്. നിയമങ്ങള്‍ പാലിച്ചില്ല. ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ശ്രീ അസ്വസ്ഥനായിരുന്നു. ഇക്കാരണത്തില്‍ ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡിനോടു മോശമായി പെരുമാറിയിരുന്നു. ദ്രാവിഡിന്റെയും മറ്റും എതിര്‍പ്പു മറികടന്നാണ് ഒത്തുകളി നടന്ന മത്സരത്തില്‍ ടീമില്‍ ശ്രീശാന്തിന് ഇടംകിട്ടിയതെന്നും പറയപ്പെടുന്നു. മത്സരശേഷം ശ്രീശാന്ത് ടീമില്‍ ഒറ്റപ്പെട്ടപോലെയാണ് പെരുമാറിയത്. അതേസമയം ശ്രീശാന്തിനും വാതുവെപ്പുകാര്‍ക്കുമിടയില്‍ താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് അറസ്റ്റിലായ ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദ്ദനന്‍ വ്യക്തമാക്കി.
ശ്രീശാന്ത് ചൊവ്വാഴ്‌ച സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‌കാനാണ് സാധ്യത. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ റബേക്ക ജോണ്‍ ശ്രീശാന്തിന് വേണ്ടി ഹാജരാകും. കൂടാതെ പിടിയിലാകുന്ന സമയത്ത് ശ്രീശാന്ത് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. മഹാരാഷ്ട്ര, കേരള മുഖ്യമന്ത്രിമാരോട് ചോദിച്ചാല്‍ താന്‍ ആരാണെന്നറിയാമെന്നായിരുന്നു ശ്രീശാന്തിന്റെ ഭീഷണി.
https://www.facebook.com/Malayalivartha























