ഒന്നും രണ്ടും പോരാ മൂന്നാമതും വേണം ; ഭർത്താവിനെ തല്ലി ചതച്ച് ഭാര്യമാർ

ഒന്നും രണ്ടും വിവാഹം കഴിച്ചു. എന്നാൽ പിന്നെ മൂന്നാമതൊന്നും കൂടി കെട്ടി കളയാം എന്ന് കരുതിയ ഭർത്താവിനെ ഭാര്യമാർ ചേർന്ന് തല്ലി. കോയമ്പത്തൂരിലെ രസിപാളയത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 26-കാരനായ യുവാവിനെയാണ് ഓഫീസിന് പുറത്തുവെച്ച് മുന്‍ ഭാര്യമാര്‍ ചേര്‍ന്ന് തല്ലിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പുറം ലോകം അറിയുന്നത്. 2016- ലായിരുന്നു ഇയാൾ ആദ്യ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇയാള്‍ ഭാര്യയെ അസഭ്യം പറയുന്നതും മര്‍ദ്ദിക്കുന്നതും തുടർന്നു. പീഡനം സഹിക്കാനാവാതെ ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് 2019 -ല്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട വിവാഹമോചനം കഴിഞ്ഞ സ്ത്രീയെ യുവാവ് പുനര്‍ വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ സ്ത്രീധനം ചോദിച്ച് യുവാവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ രണ്ടാം ഭാര്യയും മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു യുവാവ് മൂന്നാമതും വിവാഹം ചെയ്യാൻ പോകുന്നെന്ന വിവരം മുന്‍ഭാര്യമാര്‍ അറിഞ്ഞത്.ഇതിന് പിന്നാലെ ഇരുവരും യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് പുറത്തെത്തി ഇയാളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ഇവര്‍ ഓഫീസിന് പുറത്ത് നിന്നും പ്രതിഷേധിക്കുകയായിരുന്നു. യുവാവ് ഓഫീസിന് പുറത്തേക്ക് എത്തിയപ്പോള്‍ ഭാര്യമാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. യുവാവിനെതിരെ മുന്‍ ഭാര്യമാര്‍ പരാതി നൽകി. സുലുര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























