കുടിവെള്ള പ്രശ്‌നത്തിന് കാരണം പുതുതലമുറ കൂടുതല്‍ വെള്ളം കുടിക്കുന്നതു കൊണ്ടാണോ? ധന മന്ത്രിക്കെതിരെ ട്രോൾ മഴ

ധന മന്ത്രി നിര്‍മലാ സീതാരാമന് നേരെ ട്രോൾ മഴ. പുതുതലമുറ ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നതാണ് വാഹന വിപണിയിലെ മാന്ദ്യത്തിനു കാരണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രോളുകൾ. സമ്പദ് വ്യവസ്ഥയില്‍ ആവശ്യമായ നടപടി സ്വീകരിക്കുവാൻ നോക്കാതെ മറ്റു കാരണങ്ങള്‍ കണ്ടെത്തി ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് പ്രതിഷേധവും ട്രോളും വന്നിരിക്കുന്നത്. പുതു തലമുറ കൂടുതല്‍ ശ്വസിക്കുന്നത് കൊണ്ടാണോ ഓക്‌സിജന്‍ ക്ഷാമമെന്ന് ചിലര്‍ ട്രോൾ ചെയ്തു. കുടിവെള്ള പ്രശ്‌നത്തിന് കാരണം പുതുതലമുറ കൂടുതല്‍ വെള്ളം കുടിക്കുന്നതു കൊണ്ടാണോയെന്നും ട്രോൾ വരുന്നു. പൊതുമേഖലാ സ്ഥാപനമായ ഭെല്‍ വര്‍ഷങ്ങളായി പ്രതിസന്ധിയിലായിരിക്കുന്നത് പുതുതലമുറ പാനിപുരി കഴിക്കുന്നതു കൊണ്ടാണോയെന്നും ചിലര്‍ ട്രോളിലൂടെ ചോദിക്കുന്നു. നിര്‍മലയുടെ ഇത്തരത്തിലുള്ള പ്രതികരണത്തിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. നിമിഷ നേരം കൊണ്ടുതന്നെ #BoycottMillenials, #SayItLikeNirmalaTai തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്രെന്‍ഡാവുകയും ചെയ്തിരുന്നു.
നിർമ്മലയുടെ പ്രസ്താവന ഇപ്രകാരമായിരുന്നു ; 'മില്ലേനിയല്‍സിന്റെ മനഃസ്ഥിതിയിലുണ്ടായ മാറ്റം വാഹന വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാസ തവണയിലൂടെ വാഹനങ്ങള്‍ വാങ്ങുന്ന പ്രവണത ഇന്നില്ല. പകരം ഓല, ഊബര്‍ തുടങ്ങിയവയെ ആശ്രയിക്കുകയോ മെട്രോയില്‍ സഞ്ചരിക്കുകയോ ആണ്. നിരവധി കാരണങ്ങള്‍ വാഹന വ്യവസായരംഗത്തെ ബാധിക്കുന്നുണ്ട്. അവ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്''. ഇപ്പോഴത്തെ സാത്തിക മാന്ദ്യത്തിന്റെ കാരണം മില്ലേനിയല്‍സാണെങ്കില്‍ അവരെ ബഹിഷ്‌കരിക്കണം എന്ന തരത്തിൽ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നു.
https://www.facebook.com/Malayalivartha


























