13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയകേസില്‍ വജ്ര വ്യവസായി നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റര്പോള് റെഡ് കോര്‍ണര്‍ നോട്ടീസ്

ബാങ്ക് തട്ടിപ്പ് കേസിൽ ഇന്ത്യയില്‍ നിന്ന് കടന്ന വജ്ര വ്യവസായി നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റര്പോള് റെഡ് കോര്‍ണര്‍നോട്ടീസ്. 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ നെഹല്‍ ദീപക് മോദിക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ഏതെങ്കിലും രാജ്യത്ത് നെഹല്‍ ദീപക് മോദിയെ കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യണമെന്നാണ് നോട്ടീസ് നിര്‍ദേശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും നീരവ് മോദിയെ സഹായിച്ചെന്നാണ് സഹോദരന്‍ നെഹലിെനതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിക്കുന്നത്.
ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയെ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിനുള്ള നീക്കം അന്വേഷണ സംഘം ഊർജ്ജിതപ്പെടുത്തുന്നതിനിടെയാണ് സഹോദരനെതിരെ ഇന്‍റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നീരവിനെതിരെ അന്വേഷണം നടത്തുന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റവാളി കൈമാറ്റത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 2018 ജനുവരിയില്‍ രാജ്യംവിട്ട നീരവ് ഒരു വര്‍ഷം പിന്നിട്ടതിനു ശേഷമാണ് പൊലീസ് പിടിയിലാവുന്നത്. ബാങ്ക് വായ്പ തട്ടിപ്പുകേസില്‍ മോദിയും അമ്മാവന് മെഹുല്‍ ചോംസ്കിയുമാണ് പ്രധാന പ്രതികള്‍. തട്ടിപ്പു പുറത്തുവന്ന ഉടന്‍ ഇരുവരും ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















