വളരെക്കാലമായി കെട്ടിക്കിടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അനിശ്ചിത കാല സമരം നടത്താനിറങ്ങിയ 48,000 തൊഴിലാളികളെ പിരിച്ചുവിട്ട് തെലങ്കാന സര്‍ക്കാര്‍

വളരെക്കാലമായി കെട്ടിക്കിടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അനിശ്ചിത കാല സമരം നടത്താനിറങ്ങിയ 48,000 തൊഴിലാളികളെ പിരിച്ചുവിട്ട് തെലങ്കാന സര്‍ക്കാര്‍. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ നിന്ന് സമരത്തിനിറങ്ങിയ തൊഴിലാളികളെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. ശനിയാഴ്ച വൈകുന്നേരം ആറിനു മുന്‍പായി സമരമവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇത് അംഗീകരിക്കാത്ത തൊഴിലാളികളെയാണ് പുറത്താക്കിയത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഉന്നതതലത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് തൊഴിലാളികളെ പുറത്താക്കിയത്.
ആന്ധ്രാ പ്രദേശില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായാണ് പരിഗണിക്കുന്നതെന്നും 60 വയസിനു ശേഷം അവര്‍ക്ക് പെന്‍ഷന്‍ ഉണ്ടെന്നും അതേ മാതൃക തെലങ്കാനയിലും കൊണ്ടു വരണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.1200 തൊഴിലാളികള്‍ മാത്രമാണ് നിലവില്‍ തെലങ്കാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ അവശേഷിക്കുന്നുള്ളു. 49,340 തൊഴിലാളികളാണ് ശനിയാഴ്ച ജോയിന്റ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയത്. ആന്ധ്രാപ്രദേശിലേതുപോലെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ സംസ്ഥാന സര്‍ക്കാരുമായി ലയിപ്പിക്കണം എന്നാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന മുഖ്യ ആവശ്യം.
"
https://www.facebook.com/Malayalivartha





















